ആ രഹസ്യം ചോരാതെ കാത്തു; കോട്ടയ്ക്കലിൽ ലീഗിന് തിരിച്ചടിയായത് ഇടതിന്റെ മികച്ച ആസൂത്രണം
Mail This Article
കോട്ടയ്ക്കൽ ∙ പാർട്ടിയുടെ ഉരുക്കുകോട്ടയായ കോട്ടയ്ക്കൽ നഗരസഭയിലെ ഭരണം നഷ്ടപ്പെട്ടത് മുസ്‌ലിം ലീഗിനു കനത്ത തിരിച്ചടിയായി. മുനിസിപ്പൽ ലീഗിൽ കാലങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതയ്ക്കൊടുവിലാണ് പാർട്ടിക്ക് ഭരണം കൈവിടുന്ന സ്ഥിതിയിലേക്കെത്തിയത്. 1963ൽ കോട്ടയ്ക്കൽ പഞ്ചായത്ത് നിലവിൽ വന്നതു മുതൽ യുഡിഎഫിനാണ് ഭരണം. പിന്നീട് നഗരസഭായി ഉയർത്തിയപ്പോഴും യുഡിഎഫ് ആധിപത്യം തുടർന്നു. ഇതിൽ തന്നെ ലീഗിന് പലപ്പോഴും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാറുണ്ട്.
ഇത്തവണ 32 അംഗ കൗൺസിലിൽ 21 സീറ്റ് ലീഗിനാണ് ലഭിച്ചത്. അധ്യക്ഷ പദവിയൊഴിയാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതോടെ ബുഷ്റ ഷബീർ കൗൺസിലർ സ്ഥാനവും ഒഴിഞ്ഞു. മറ്റൊരു കൗൺസിലറായ ഷാഹില അയോഗ്യത നേരിടുകകൂടി ചെയ്തതോടെ ലീഗിന്റെ അംഗബലം 19 ആയി ചുരുങ്ങി. ഈ രണ്ടു വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇനി ലീഗിന് അഭിമാന പോരാട്ടമാകും. രണ്ടു വാർഡുകൾ ജയിച്ചാൽ ലീഗിന് വിമതരെ മാറ്റി നിർത്തിയാലും 15 സീറ്റാകും.
പാർട്ടിക്കകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് ലീഗിന് ഭരണം നഷ്ടമായത് .നഗരസഭ മുൻ അധ്യക്ഷൻ കെ.കെ.നാസറിന്റെയും ബുഷ്റ ഷബീറിന്റെയും നേതൃത്വത്തിലുളള വിഭാഗങ്ങൾ പരസ്പരം പോരടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. തെരുവുവിളക്കു സ്ഥാപിക്കൽ, ബസ് സ്റ്റാൻഡ് ഉദ്ഘാടനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഭിന്നത രൂക്ഷമായിരുന്നു. ബജറ്റ് യോഗം പോലും ഒരു വിഭാഗം ബഹിഷ്കരിച്ചു. തുടർന്നാണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.
രഹസ്യം ചോരാതെ കാത്തു
കോട്ടയ്ക്കൽ ∙ കോട്ടയ്ക്കലിൽ ലീഗിന് തിരിച്ചടിയായത് ഇടതുപക്ഷത്തിന്റെ മികച്ച ആസൂത്രണം. ബുഷ്റ ഷബീറും പി.പി.ഉമ്മറും രാജിവച്ചതുമുതൽ സിപിഎം നേതൃത്വം ഇവരുമായി കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. ഈ പക്ഷം പച്ചക്കൊടി കാട്ടിയ വിവരം അതീവരഹസ്യമായി സൂക്ഷിക്കാനും എൽഡിഎഫിനു സാധിച്ചു. ഇങ്ങനെ ഒരു നീക്കം നടന്ന കാര്യം പാർട്ടി പ്രവർത്തകർ പോലും അറിയുന്നത് അവസാന നിമിഷമാണ്. പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നതുമുതൽ യുഡിഎഫാണ് കോട്ടയ്ക്കലിൽ ഭരണം കയ്യാളുന്നത്.