ഭക്ഷണം കഴിപ്പിക്കാൻ വല്യുമ്മയെ ‘വിരട്ടുന്ന’ കൊച്ചുമകന്റെ വിഡിയോ ചർച്ചയായി
Mail This Article
പെരിന്തൽമണ്ണ ∙ വല്യുമ്മാ...ദോക്കീ...ന്യൂസ് വന്നക്ക്‌ണ്.., കഞ്ഞീം ചോറും തിന്നാത്ത വല്യുമ്മമാരെ ജയിലിൽ പുടിച്ചിടും.. വല്യുമ്മയെ മരുന്നും ഭക്ഷണവും കഴിപ്പിക്കാൻ കൊച്ചുമോൻ പുറത്തെടുത്ത അടവ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. പുലാമന്തോൾ വടക്കൻ പാലൂർ പാറാന്തോടൻ ജാബിറിന്റെ മകൻ അലി ജവാദും (12) വല്യുമ്മ ഫാത്തിമയും (79) തമ്മിൽ വീട്ടിൽ നടന്ന സംഭാഷണമാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് അലി ജുവാദിന് വല്യുമ്മയോടുള്ള സ്‌നേഹം തൊട്ടറിഞ്ഞത്.
ആയിരക്കണക്കിന് ആളുകൾ വിഡിയോക്ക് കമന്റുമായെത്തി. ഏറെയും അലി ജവാദിനെ അഭിനന്ദിച്ചു കൊണ്ടുള്ളതാണ്. പല വീടുകളിലും വയോധികർ അവഗണന നേരിടുന്ന കാലത്ത് വിഡിയോ വേറിട്ട സ്‌നേഹമാതൃകയായി. ഇത് പെരിന്തൽമണ്ണയുടെ പെരുമയാണെന്ന് നജീബ് കാന്തപുരം എംഎൽഎ കമന്റിട്ടു. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.
‘പാത്തുട്ടി എന്ന വല്യുമ്മ കഞ്ഞീം ചോറും തിന്നാതെ നടക്കുന്നു...അതിനെ തുടർന്ന് ബന്ധുവീട്ടിൽ ഒരാൾ കേസു കൊടുത്തു. 20,000 രൂപയാണ് പിഴ. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു..കഞ്ഞീം ചോറും തിന്നാത്ത വല്യുമ്മമാരെ ജയിലിൽ പുടിച്ചിടണം...’ അങ്ങനെ നീളുന്നു ഡയലോഗുകൾ. മലയാള മനോരമ പത്രം കാട്ടി എല്ലാം പത്രത്തിലുണ്ടെന്ന മട്ടിൽ നിഷ്‌കളങ്കമായി പറയുന്ന കുട്ടിയെയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. ജവാദിന്റെ മാതാവ് സുലൈഖയാണ് വിഡിയോ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.