ചക്കയുടെ സീസൺ കഴിഞ്ഞിട്ടും നാടുകാണി ചുരം വിടാതെ സിംഹവാലൻ കുരങ്ങൻമാർ

Mail This Article
എടക്കര ∙ നാടുകാണി ചുരം പാതയിലെ യാത്രയിൽ സിംഹവാലൻ കുരങ്ങുകൾ പതിവുകാഴ്ചയാകുന്നു. സംസ്ഥാന അതിർത്തിക്കും തണുപ്പൻചോലയ്ക്കും ഇടയിലുള്ള ഭാഗത്താണ് പാതയോരത്ത് സിംഹവാലൻ കുരങ്ങുകളെ കാണുന്നത്. മുൻപൊക്കെ കാട്ടുചക്ക ഉണ്ടാകുന്ന സമയത്താണ് ഇവിടെ സിംഹവാലൻ കുരങ്ങുകളെത്തിയിരുന്നത്. ചക്ക തീരുന്നതോടെ അപ്രത്യക്ഷമാവുകയും ചെയ്യും. ധാരാളമായി കാട്ടുപ്ലാവുകളുള്ള സ്ഥലമാണിത്.
എന്നാൽ, ഇത്തവണ ചക്കയുടെ സീസൺ കഴിഞ്ഞിട്ടും സിംഹവാലൻമാർ ഇവിടെത്തന്നെയുണ്ട്. മറ്റു കുരങ്ങുകളെ പോലെ ആളുകളുമായി അടുക്കുന്ന പ്രകൃതമല്ല. ആളുകൾ അടുത്തേക്കു വരുന്നത് കണ്ടാൽ ഉയരംകൂടിയ മരത്തിനു മുകളിലേക്ക് ഓടിക്കയറും. കാട്ടുവിഭവങ്ങളല്ലാതെ മറ്റൊന്നും ഭക്ഷിക്കില്ല.കടുത്തവേനലിലും തണുപ്പുള്ള സ്ഥലമായതിലാണ് സിംഹവാലൻമാർ ഇവിടെ വിട്ടുപോകാത്തതെന്നാണ് വനപാലകർ പറയുന്നത്. ലോകത്തിലെ അത്യപൂർവമായതും വംശനാശ ഭീഷണി നേരിടുന്നതുമായ പ്രൈമേറ്റ് വിഭാഗത്തിൽപെട്ട സിംഹവാലൻ കുരങ്ങുകൾ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മഴക്കാടുകളിൽ മാത്രമാണു കാണുന്നത്.