ചമ്രവട്ടം പാലത്തിലേക്കുള്ള വളവ് അപകടങ്ങൾ കൂടുന്നു
Mail This Article
തിരൂർ ∙ ചമ്രവട്ടം പാലത്തിലേക്കുള്ള വളവ് ശ്രദ്ധയിൽപെടാത്തതിനാൽ അപകടമരണങ്ങൾ കൂടുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ 3 പേരുടെ മരണത്തിനും 16 അപകടങ്ങൾക്കുമാണ് ചമ്രവട്ടം പാലം റോഡിലേക്ക് തിരിയുന്ന ജംക്‌ഷനിലെ അശാസ്ത്രീയ റോഡ് വഴിയൊരുക്കിയത്. തിരൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ജംക്‌ഷനിൽ എത്തുമ്പോൾ മാത്രമാണ് പാലം വഴി പൊന്നാനി ഭാഗത്തേക്കുള്ള റോഡ് കാണുന്നത്. ഇതോടെ ചരക്കു വാഹനങ്ങൾ ഉൾപെടെ പെട്ടന്ന് ബ്രേക്കിടുന്നതാണ് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുന്നത്.
പൊന്നാനി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും തിരൂർ റോഡിലേക്ക് കയറ്റി ഒടിക്കുന്നതിനാൽ ചമ്രവട്ടത്തു നിന്നു വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപെടാറില്ല. റോഡിന് ഇരുവശവും നേരെയും ഡ്രൈവർമാരുടെ ശ്രദ്ധ മറയ്ക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും ചെടികൾ വളർന്നു നിൽക്കുന്നതും അപകടം വർധിപ്പിച്ചിട്ടുണ്ട്. തിരൂർ ഭാഗത്തു നിന്നു വരുമ്പോൾ ജംക‌്ഷനിൽ ഇടതുവശത്തായുള്ള സർക്കാർ ഭൂമി ഉപയോഗപ്പെടുത്തി റോഡ് വീതികൂട്ടി വളവ് തിരിച്ചറിയുന്നതിനു വേണ്ട നടപടികളുണ്ടായാൽ ചമ്രവട്ടത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ തടയാനാകുമെന്ന് നാട്ടുകാർ പറഞ്ഞു.