കാട്ടുപോത്തിനെ വേട്ടയാടിയ കേസ്; 3 പ്രതികൾ കോടതിയിൽ കീഴടങ്ങി
Mail This Article
കരുളായി ∙ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ 3 പ്രതികൾ മഞ്ചേരി വനം കോടതിയിൽ കീഴടങ്ങി. ഒളിവിൽ പോയ മൂത്തേടം കാരപ്പുറം ചീനിക്കുന്ന് മുണ്ടമ്പ്ര ബാവ എന്ന സിറാജ്, മുണ്ടമ്പ്ര നിസാർ, നെല്ലിപറമ്പൻ കാരാടൻ വിനോദ് എന്നിവരാണ് കീഴടങ്ങിയത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു. പടുക്ക സ്റ്റേഷൻ പരിധിയിലെ എട്ടുകണ്ണി വനത്തിൽ നവംബർ 23ന് ആണ് കേസിനാസ്പദമായ സംഭവം. പ്രധാന പ്രതി വഴിക്കടവ് നാരാേക്കാവ് തെറ്റത്ത് ഇഖ്ബാൽ നേരത്തേ കോടതിയിൽ കീഴടങ്ങിയിരുന്നു. മൂത്തേടം കുഴിപ്പൻകുളം പുതിയകളത്തിൽ വിനോദ് (34), കൽക്കുളം മലപ്പുറവൻ അബ്ദുൽ അസീസ് (53) എന്നിവരെ അറസ്റ്റ് ചെയ്തു.
വീടുകളിൽനിന്ന് പാചകം ചെയ്തതുൾപ്പടെ മാംസം, പാത്രങ്ങൾ, കത്തി എന്നിവ കിട്ടി. വനത്തിൽ അതിക്രമിച്ച് കടന്ന് കാട്ടുപോത്തിനെ വേട്ടയാടി മാംസം പ്രതികൾ പങ്കിട്ടെടുത്തെന്നാണ് കേസ്. മാംസം കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. ഇക്ബാലാണ് വെടിവച്ചതെന്ന് അറസ്റ്റിലായവരുടെ മൊഴിയുണ്ട്. ഇക്ബാലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. തോക്ക് കണ്ടെത്താനായില്ല. ഇക്ബാലിനെ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് അയച്ചു. ബാവ, നിസാർ, വിനോദ് എന്നിവരെ തെളിവെടുപ്പിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ ഇന്ന് അപേക്ഷ നൽകും.