ADVERTISEMENT

പൊന്നാനി ∙ കടലോളം പ്രതീക്ഷയുണ്ട് പൊന്നാനിയിൽ.. പുതുവർഷത്തിൽ തുറമുഖം യാഥാർഥ്യമായി കപ്പൽ അടുത്തെങ്കിൽ എന്ന് തീരദേശം ഒന്നടങ്കം കാണുന്ന സ്വപ്നമാണ്. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പുതുവർഷത്തിലെ പ്രധാന വികസന പദ്ധതികളുടെ പട്ടികയിൽ മാരിടൈം ബോർഡ് പൊന്നാനി കപ്പൽ ടെർമിനൽ ഉൾപ്പെടുത്തിയത് പ്രതീക്ഷയാണ്. ഹാർബർ പ്രദേശം ആഴം കൂട്ടാനുള്ള നീക്കവും മീൻപിടിത്ത മേഖലയ്ക്കു പുറമേ കപ്പൽ സഞ്ചാരത്തിനും സാധ്യത കൂട്ടുന്നതാണ്. രണ്ടര മീറ്റർ ആഴത്തിൽ നിന്നും ഹാർബർ പ്രദേശവും പുലിമുട്ട് ഭാഗവുമെല്ലാം മൂന്നര മീറ്റർ ആഴത്തിലേക്ക് എത്തിക്കും. വേലിയേറ്റ സമയത്ത് നാലര മീറ്റർ വരെ ആഴം ലഭിക്കുമെന്നാണ് കണക്ക്. 

കുതിച്ചു മുന്നേറി കർമ റോഡ്
ജില്ലയിലെ ടൂറിസം ഭൂപടത്തിൽ തന്നെ പൊന്നാനി കർമ റോഡ് ഇടംപിടിച്ചു കഴിഞ്ഞു. നിളാ ടൂറിസം പാലവും കർമാ റോഡും പൊന്നാനിയിൽ ഏറെ തിരക്കേറിയ ടൂറിസം പ്രദേശമാണ്. ഇടവേളയ്ക്കു ശേഷം ഉല്ലാസ ബോട്ട് സർവീസ് വീണ്ടും സജീവമായതോടെ കർമ റോഡിലെ സഞ്ചാരികളുടെ വരവ് പതിവിലും ഇരട്ടിയായിരിക്കുകയാണ്. കർമ ടൂറിസം പ്രദേശത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനും വികസന പദ്ധതികൾ നടപ്പാക്കുന്നതിനും നഗരസഭയും സംസ്ഥാന സർക്കാരും ദീർഘ വീക്ഷണത്തോടെ പദ്ധതികൾ തയാറാക്കേണ്ടതുണ്ട്. നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇൗ പ്രദേശത്തില്ല. നഗരസഭ ശുചിമുറി കോംപ്ലക്സ് നിർമിച്ചത് ഏക ആശ്വാസമാണെങ്കിലും സാഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി പൊന്നാനിയെ മാറ്റുന്നതിനായി വിവിധ പദ്ധതികൾ തയാറാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

സംഗ്രഹാലയം
ഇൗ വർഷമെങ്കിലും യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒച്ചിന്റെ വേഗം പോലുമില്ലാതെ വർഷങ്ങളായി പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. 2024ൽ പദ്ധതി ഉദ്ഘാടന സജ്ജമാകുമെന്നാണ് പ്രതീക്ഷ. അവസാനഘട്ട പണികളിലേക്കു കടന്നെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. ഇതോടൊപ്പം തന്നെ മറൈൻ മ്യൂസിയവും യാഥാർഥ്യമാകുന്നത് കാത്തിരിക്കുകയാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com