ആറുവരിപ്പാത ഈ വർഷം പൂർത്തിയാകും: മന്ത്രി
Mail This Article
തേഞ്ഞിപ്പലം/കുറ്റിപ്പുറം ∙ദേശീയപാത 66ലെ ആറുവരിപ്പാത ഡിസംബറിനകം പൂർത്തിയാക്കി 2025 ജനുവരിയിൽ പുതുവർഷ സമ്മാനമായി നാടിനു സമർപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലെ ദേശീയപാതാ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി, മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. പലയിടത്തും പല പ്രശ്നങ്ങളുണ്ടെന്ന് അറിയാം. പരിഹരിക്കാൻ നടപടി ഉണ്ടാകും. എൻഎച്ച് നിർമാണ പുരോഗതി വിലയിരുത്താൻ താൻ ഇനിയും എത്തുമെന്നും മന്ത്രി അറിയിച്ചു. ഭാരതപ്പുഴയിലെ പുതിയ ആറുവരിപ്പാലം ഏതാനും മാസങ്ങൾക്കുള്ളിൽ തുറന്നുനൽകാനാകുമെന്ന് മന്ത്രി പറഞ്ഞു.
ആറുവരിപ്പാത നിർമാണത്തിനായി ജില്ലയിൽനിന്ന് 203.68 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വന്നെന്നും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 878 കോടി രൂപയാണ് ചെലവിട്ടതെന്നും മന്ത്രി പറഞ്ഞു. ഇത്രയും വലിയ തുക സംസ്ഥാന സർക്കാർ മറ്റു പദ്ധതികളിൽനിന്ന് മാറ്റിയാണ് ചെലവിട്ടത്. ജില്ലയിൽ 99.87 ശതമാനം ഭൂമിയും ഏറ്റെടുത്തു.
ബാക്കിയുള്ള ഭൂമി ഏറ്റെടുക്കൽ വേഗം പൂർത്തിയാകും. കഞ്ഞിപ്പുര–മൂടാൽ ബൈപാസിന്റെ ജോലികൾ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഭാരതപ്പുഴയിൽ നിർമിക്കുന്ന കുറ്റിപ്പുറത്തെ പാലവും മന്ത്രി സന്ദർശിച്ചു. പാലം ഏതാനും മാസങ്ങൾക്കുള്ളിൽ തുറന്നുനൽകാനാകുമെന്നും മന്ത്രി പറഞ്ഞു.