ജലഅതോറിറ്റി ജീവനക്കാരൻ കൈക്കൂലിയുമായി പിടിയിൽ
Mail This Article
മലപ്പുറം ∙ ജലഅതോറിറ്റി ജീവനക്കാരൻ 10,000 രൂപ കൈക്കൂലിയുമായി ഓഫിസിൽ വച്ച് വിജിലൻസിന്റെ പിടിയിൽ. മലപ്പുറം പിഎച്ച് സർക്കിൾ ഓഫിസിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 പാലക്കാട് ചിറ്റൂർ സ്വദേശി എം.രാജീവ് (41) ആണ് അറസ്റ്റിലായത്. കണ്ണമംഗലം പഞ്ചായത്തിലെ ജലജീവൻ മിഷൻ കരാറുകാരൻ മുഹമ്മദ് ഷഹീദ് (39) നൽകിയ പരാതിയെത്തുടർന്നാണ് വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. ഇന്നലെ വൈകിട്ട് 4.45നാണ് സംഭവം. റോഡ് കീറുന്നതിനും കരാർ കാലാവധി നീട്ടിനൽകുന്നതിനുമായാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. കൈക്കൂലി നൽകാത്തതിനാൽ ഫയൽ നീക്കം വൈകിയതോടെയാണ് ഷഹീദ് വിജിലൻസിനെ സമീപിച്ചത്.
20 ദിവസമായി രാജീവിനെ നിരീക്ഷിച്ച ശേഷമാണ് വിജിലൻസ് നടപടി. അറസ്റ്റിലായ രാജീവിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു. വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖ്, ഇൻസ്പെക്ടർ സി.ജ്യോതീന്ദ്രകുമാർ, എസ്ഐമാരായ മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എഎസ്ഐ പി.മുഹമ്മദ് സലീം, മധുസൂദനൻ, പൊലീസുകാരായ സുബിൻ, വിജയൻ, ജിബ്സ്, സന്തോഷ്, രാജീവ്, ശ്രീജേഷ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.