മിക്സ് ബോക്സിങ്ങിൽ രാജ്യത്തിന്റെ താരങ്ങളായി ഷിഫ്നയും സനയും

Mail This Article
പെരിന്തൽമണ്ണ∙ മിക്സ് ബോക്സിങ്ങിൽ രാജ്യത്തിന്റെ ബാലികാ താരങ്ങളാണ് പെരിന്തൽമണ്ണയിലെ ഈ സുഹൃത്തുക്കൾ. ലോക മിക്സ് ബോക്സിങ് മത്സരത്തിനുള്ള പരിശീലനത്തിലും തയാറെടുപ്പിലുമാണ് ഏഴാം ക്ലാസ് വിദ്യാർഥിനികളായ ഷിഫ്‌നയും സനയും. ഏലംകുളം പാലത്തോൾ പള്ളത്തൊടി വീട്ടിൽ ഫാത്തിമ ഷിഫ്‌നയും (13) പുലാമന്തോൾ യുപി സ്വദേശിനിയായ ചോലപ്പറമ്പത്ത് ഫാത്തിമ സനയും (12) ഉറ്റ സുഹൃത്തുക്കളായത് ആയോധന പരിശീലന വേദികളിൽ വച്ചാണ്.
ഈ ചെറു പ്രായത്തിനിടെ ഒട്ടേറെ ചാംപ്യൻഷിപ്പുകളിലും പരിശീലനക്കളരികളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം താനെയിലെ മുംബൈ സ്‌റ്റേഡിയത്തിൽ നടന്ന ദേശീയ മിക്‌സ് ബോക്സിങ് ചാംപ്യൻഷിപ്പിലെ ഇവരുടെ മികച്ച പ്രകടനം പരിഗണിച്ചാണ് ഇരുവരെയും ലോക ചാംപ്യൻഷിപ്പിലേക്ക് തിരഞ്ഞെടുത്തത്. ദേശീയ ചാംപ്യൻഷിപ്പിൽ കേരളം നേടിയ രണ്ടാം സ്ഥാനവും ഇവരുടെ കൂടി മെഡൽ കരുത്തിലാണ്.
ഏലംകുളം പാലത്തോൾ സ്‌കൂളിലാണ് ഷിഫ്‌നയുടെ പഠനം. മുൻ പ്രവാസിയായ ജാഫർ ഷരീഫിന്റെയും ഹഫ്‌സത്തിന്റെയും മൂന്നു മക്കളിൽ മൂത്തയാളാണ് ഷിഫ്‌ന. അനിയത്തി നാലാം ക്ലാസ് വിദ്യാർഥിനിയായ ഷിഫയും ഷിഫ്‌നയോടൊപ്പം കരാട്ടെയും ബോക്‌സിങ്ങും അഭ്യസിക്കുന്നുണ്ട്. മൂന്നു വയസ്സുകാരി ഷിയയാണ് രണ്ടാമത്തെ അനിയത്തി.
സന കട്ടുപ്പാറ ചേലക്കാട് എഎംയുപി സ്‌കൂൾ വിദ്യാർഥിനിയാണ്. ഷഫീഖിന്റെയും ഷാഹിദയുടെയും മകൾ. സനയുടെ നാലാം ക്ലാസിൽ പഠിക്കുന്ന അനിയൻ മുഹമ്മദ് ഷെബിൻ കരാട്ടെയിൽ ബ്രൗൺ ബെൽറ്റ് നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ നാഷനൽ ചാംപ്യൻഷിപ്പിൽ ഇവരോടൊപ്പം പങ്കെടുത്ത് സിൽവർ മെഡൽ നേടിയിട്ടുണ്ട്.
മേയ് മാസത്തിൽ നേപ്പാളിൽ നടക്കുന്ന ലോക മിക്സ് ബോക്സിങ് ചാംപ്യൻഷിപ്പിൽ ഫൈറ്റിങ് വിഭാഗത്തിൽ മത്സരത്തിനുള്ള തീവ്രപരിശീലനത്തിലാണ് ഷിഫ്നയും സനയുമിപ്പോൾ. രണ്ടുപേർക്കും കരാട്ടെയും കുങ്ഫുവും വുഷുവുമെല്ലാം വഴങ്ങും. സനയ്‌ക്ക് കരാട്ടെയിലും കുങ്‌ഫുവിലും ബ്രൗൺ ബെൽറ്റും ഉണ്ട്. വിഎഫ്‌സി സ്‌പോർട്‌സ് അക്കാദമിയിലെ മുഖ്യ പരിശീലകനായ ഏലംകുളം സ്വദേശി സുബ്രഹ്‌മണ്യനാണ് ഇരുവർക്കും കായിക പരിശീലനം നൽകുന്നത്.