ഖേലോ ഇന്ത്യ ഗെയിംസ്; കാലിക്കറ്റ് താരങ്ങൾ പോയത് വിമാനത്തിൽ
Mail This Article
തേഞ്ഞിപ്പലം∙ ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കെടുക്കാനുള്ള താരങ്ങൾക്ക് ഇതാദ്യമായി വിമാനയാത്ര അനുവദിച്ച് കാലിക്കറ്റ് സർവകലാശാല. അസം, മിസോറം എന്നിവിടങ്ങളിൽ 29 വരെ നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്ന ടീം, വ്യക്തിഗത ഇനങ്ങളിലായി യോഗ്യത നേടിയ 145 താരങ്ങൾ, 21 സപ്പോർട്ടിങ് ഒഫിഷ്യലുകൾ എന്നിവർക്കാണ് വിമാനയാത്ര അനുവദിച്ചത്. 18 ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റിക്ക് ചെലവ്.
ആദ്യഘട്ട മത്സരങ്ങളിൽ പങ്കെടുക്കാനുള്ള താരങ്ങളും ഒഫിഷ്യലുകളും ഉൾപ്പെടെ 70 പേർ കഴിഞ്ഞ ദിവസം ചെന്നൈ, ബെംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെട്ട് മത്സരങ്ങൾ നടക്കുന്ന ഗുവാഹത്തി, ഐസോൾ എന്നിവിടങ്ങളിലെത്തി.
കേരളത്തിലെ സർവകലാശാലാ കായിക താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ വിമാന ടിക്കറ്റ് ഏർപ്പാടാക്കുന്നത് ആദ്യമാണെന്ന് അധികൃതർ പറഞ്ഞു. റിസർവേഷൻ ലഭിക്കാതെ ട്രെയിൻ യാത്ര ക്ലേശകരമാകുന്ന അവസ്ഥയായിരുന്നു മുൻപുണ്ടായിരുന്നത്. ഖേലോ ഇന്ത്യ ഗെയിംസിലെ 18 ദേശീയ മത്സരങ്ങളിൽ 9 ഇനങ്ങളിൽ കാലിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. അജ്മൽ ഖാൻ ആണ് മാനേജർ. ഫിസിയോ: ബെന്നി. സൈക്കോളജിസ്റ്റ്: സ്റ്റാലിൻ റാഫേൽ.