കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു; 11 പേർക്കു പരുക്ക്

Mail This Article
കൊണ്ടോട്ടി ∙ ബസ് സ്റ്റാൻഡിനു സമീപം കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് 11 പേർക്കു പരുക്ക്. ബൈപാസ് റോഡിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജംക്‌ഷനിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്. സ്റ്റാൻഡിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ്, 4 റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനിലെ സർക്കിൾ ഡിവൈഡറിൽ ഇടിച്ചുകയറിയ ബസ് മറിയുകയായിരുന്നു. പരുക്കേറ്റ പാലക്കാട് സ്വദേശികളായ ശ്രീകൃഷ്ണകുമാർ (48), കൃഷ്ണദാസ് (40), സുനിൽകുമാർ (29), മുണ്ടക്കുളം സ്വദേശി നജീബ് (38), ഫറോക്ക് മണ്ണൂർ വളവ് സ്വദേശി അർജുൻ നാഥ് (25), മണ്ണാർക്കാട് സ്വദേശികളായ സുബ്രഹ്മണ്യൻ (62), ഹർഷ (22), ഗിരിജ (58), മലപ്പുറം സ്വദേശി ദിയ (19), പട്ടിക്കാട് സ്വദേശി അഹമ്മദ് അക്രം (19), ഒളവട്ടൂർ സ്വദേശി സീത (51)
എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.നാട്ടുകാരും വ്യാപാരികളും പൊലീസും ഓട്ടോ ഡ്രൈവർമാരും മറ്റും ചേർന്നാണ് ബസിൽനിന്ന് യാത്രക്കാരെ പുറത്തെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പഴയങ്ങാടി റോഡ് വഴി തിരിച്ചുവിട്ടു. യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.