ആയുർവേദ മർമചികിത്സ പഠിക്കാൻ ജപ്പാൻ സംഘം

Mail This Article
വളാഞ്ചേരി ∙ ആയുർവേദ മർമ ചികിത്സയുടെ പൊരുൾ തേടി ജപ്പാനിൽ നിന്ന് ഒരു സംഘം ഡോക്ടർമാർ കേരളത്തിലെത്തി. കാട്ടിപ്പരുത്തിയിലുള്ള ചങ്ങമ്പള്ളി വൈദ്യസ്ഥാപനങ്ങളും അവർ സന്ദർശിച്ചു. ജപ്പാനിൽ നിന്നുള്ള ഡോ. കവോരു ഒസാനായ്, ധനുഷ് അസാർജിൻ, മിയി ഓഖ, യഗോടോ, അയമി മിസോബാറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് എത്തിയത്. തലമുറകളായി കൈമാറി വരുന്ന മർമചികിത്സയും ആയുർവേദ വിധികളും ചികിത്സാ ക്രമങ്ങളും മരുന്നു നിർമാണ രീതികളും അവർ ചോദിച്ചറിഞ്ഞു.
മർമ ചികിത്സ അടക്കമുള്ള മുറകൾ കാലികമായ ഒട്ടേറെ രോഗങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു. സംഘത്തിനു വേണ്ടി ചങ്ങമ്പള്ളി കളരിയിൽ പ്രത്യേക കളരി പ്രദർശനവും നടത്തി. ചീഫ് ഫിസിഷ്യനും എംഡിയുമായ ഡോ. ചങ്ങമ്പള്ളി അബ്ദുൽറഹീം ഗുരുക്കൾ, സി.എച്ച്.അബ്ദുൽ ജബ്ബാർ ഗുരുക്കൾ, ഡോ. സി.എച്ച്.മൻസൂർ അലി ഗുരുക്കൾ, ഡോ. അൻസാർ അലി ഗുരുക്കൾ, ഡോ. ഫാത്തിമ കീഴോപ്പാട്ട്, ആസിഫലി ഗുരുക്കൾ, അലി ഷാഹിദ് ഗുരുക്കൾ തുടങ്ങിയവർ ചേർന്ന് ജപ്പാൻ സംഘത്തെ വരവേറ്റു.