ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ചയടയ്ക്കൽ: ബണ്ട് കെട്ടിയതോടെ പുഴയിൽ വെള്ളമുയർന്നു
Mail This Article
തിരൂർ ∙ റഗുലേറ്ററിന്റെ ചോർച്ചയടയ്ക്കാൻ ബണ്ട് കെട്ടിയതോടെ ഭാരതപ്പുഴയിൽ വെള്ളമുയർന്നു. മൂന്നടിയിലേറെയാണ് വെള്ളമുയർന്നത്. ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ചയടയ്ക്കൽ പണി ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഏറ്റവുമധികം ചോർച്ചയുള്ള ഭാഗത്താണ് പണി നടക്കുന്നത്. ഇതുവഴി വെള്ളം കടന്നുപോകാതിരിക്കാനാണു ബണ്ട് കെട്ടിയത്. ഇതോടെ പുഴയിൽ ഒഴുക്ക് കുറയുകയും വെള്ളം ഉയരുകയുമായിരുന്നു. കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് വെള്ളമുയർന്നത്. കടുത്ത ചൂടിൽ പുഴയാകെ വറ്റിപ്പോകുമെന്നാണു കരുതിയിരുന്നത്. പണി നടത്താൻ വേണ്ടി ബണ്ട് കെട്ടിയത് പുഴയുടെ ജീവൻ നിലനിൽക്കാനും കാരണമാകുകയായിരുന്നു.
ബണ്ട് കെട്ടിയപ്പോൾ തന്നെ വെള്ളമുയർന്നെങ്കിൽ ചോർച്ച തടഞ്ഞാൽ പുഴയിൽ വെള്ളം കാര്യമായി സംഭരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. റഗുലേറ്ററിന്റെ വെള്ളം ഒഴിഞ്ഞു പോകുന്ന ഭാഗത്ത് 10.9 മീറ്റർ നീളമുള്ള ഷീറ്റുകളും മറുവശത്ത് 3.9 മീറ്റർ നീളമുള്ള ഷീറ്റുകളും പൈലിങ് നടത്തി ഇറക്കിയാണ് ചോർച്ച അടയ്ക്കുന്നത്. വെള്ളം ഒഴിഞ്ഞു പോകുന്ന ഭാഗത്ത് അര കിലോമീറ്റർ നീളത്തിലും മറുവശത്ത് 900 മീറ്റർ നീളത്തിലും ഷീറ്റുകൾ അടിക്കുന്ന പണി കഴിഞ്ഞിട്ടുണ്ട്. ഈ വേനലിൽ തന്നെ പണി തീർക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.