പറപ്പൂർ ഐയു സ്കൂളിന്റെ സ്വന്തം അരി വിപണിയിലേക്ക്

Mail This Article
കോട്ടയ്ക്കൽ ∙ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്കൂളിന്റെ ‘സ്വന്തം ബ്രാൻഡ്’ അരി ഇനി വിപണിയിലേക്ക്. കുട്ടികൾക്ക് ‘കൃഷി മുതൽ എഐ വരെ’യുള്ള സകല മേഖലകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ നേതൃത്വത്തിൽ ആട്ടീരിപാടത്ത് നാലര ഏക്കർ സ്ഥലത്ത് ‘ഞാറും ചോറും’ എന്ന പേരിൽ ജൈവക്കൃഷി ചെയ്തതിൽനിന്നു വിളവെടുത്ത നെല്ലാണ് വിപണിയിൽ എത്തിക്കുന്നത്. കൂടാതെ, അവൽ, അപ്പപ്പൊടി, പുട്ടുപൊടി എന്നിവയുമുണ്ട്.
‘കേരളാസ് ബെസ്റ്റ് ആൻഡ് ഹാപ്പിയസ്റ്റ് എജ്യുക്കേഷനൽ സൂപ്പർ മാർക്കറ്റ്’ എന്ന പേരിൽ കേരളത്തിലെ മികച്ചതും കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സന്തോഷം വർധിപ്പിക്കുന്നതുമായ സ്കൂൾ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. നിലമൊരുക്കൽ, വിത്തിടൽ, ഞാറ് പറിക്കൽ, ഞാറുനടൽ, കളപറിക്കൽ തുടങ്ങി നെൽക്കൃഷിയുടെ മുഴുവൻ പാഠങ്ങളും കുട്ടികൾക്ക് പകർന്നു നൽകിയാണ് കൃഷി ഇറക്കിയത്.
പൊന്മണി നെൽവിത്താണ് വിതച്ചത്. ചെറുവയൽ രാമന്റെ സാന്നിധ്യത്തിലാണു നെല്ല് വിളവെടുത്തത്. വീരഭദ്രൻ, താഹിറ എന്നീ കർഷകരും കൂടെയുണ്ടായിരുന്നു. 10,024 കിലോ നെല്ലു ലഭിച്ചു. ഇതിൽ 6,024 കിലോ നെല്ല് ഉപയോഗിച്ച് അരിയും (പകുതി 100% തവിടോട് കൂടിയതും ബാക്കി പകുതി 50% തവിടോട് കൂടിയതും), 2,000 കിലോ നെല്ല് ഉപയോഗിച്ച് അവിലും 1,000 കിലോ നെല്ല് വീതം ഉപയോഗിച്ച് അപ്പപ്പൊടിയും പുട്ടുപൊടിയും തയാറാക്കി.
ഇവ ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി എന്നീ പേരുകളിൽ വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനാധ്യാപകൻ എ.മമ്മു, മാനേജർ ടി.മൊയ്തീൻകുട്ടി എന്നിവർ പറഞ്ഞു. വിപണനോദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒന്നിന് കലക്ടർ വി.ആർ.വിനോദ് നിർവഹിക്കും. ഡിഡിഇ രമേഷ് കുമാർ മുഖ്യാതിഥിയാകും. സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ അടുത്ത സംരംഭമായി സൂര്യകാന്തി, പച്ചക്കറി കൃഷികളും ആരംഭിച്ചിട്ടുണ്ട്.