തിരുമാന്ധാംകുന്നിൽ ആനയിടഞ്ഞു; അനിഷ്ട സംഭവങ്ങളില്ല

Mail This Article
അങ്ങാടിപ്പുറം∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരാഘോഷത്തിന് എഴുന്നള്ളത്തിന് എത്തിച്ച ആന ഇടഞ്ഞു. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു സംഭവം. ഏഴാം പൂര ദിവസമായ ഇന്നലെ മച്ചാട് ഗോപാലനാണ് രാവിലെ ആറാട്ടെഴുന്നള്ളിപ്പിൽ ഭഗവതിയുടെ തിടമ്പേറ്റിയത്. ആദ്യമായാണ് ഈ ആന ഇത്തവണ പൂരാഘോഷത്തിന്റെ ഭാഗമാവുന്നത്. എഴുന്നള്ളിപ്പിൽ വലിയ ഭക്തജനത്തിരക്കുണ്ടായിരുന്നു. ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പ് കഴിഞ്ഞ് കൊട്ടിക്കയറി മേളത്തോടെയുള്ള ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞ് തിടമ്പും നെറ്റിപ്പട്ടവും ഇറക്കിയ ശേഷം ആനയെ വിശ്രമത്തിന് കൊണ്ടു പോകാനൊരുങ്ങുമ്പോഴായിരുന്നു വടക്കേ നടയിൽ വച്ച് ഭാവമാറ്റം.
അപ്രതീക്ഷിതമായി തിരിഞ്ഞ് മുന്നോട്ടായുകയായിരുന്നു. ആന ഇടഞ്ഞതോടെ ഭക്തജനങ്ങൾ നാലുപാടും ചിതറിയോടി ദൂരേക്ക് മാറിനിന്നു. ആനയുടെ കൊമ്പ് തട്ടി വടക്കേ നടയിലെ വലിയ ദീപസ്തംഭത്തിന്റെ അടിഭാഗം ഇളകിയതൊഴിച്ചാൽ മറ്റ് നാശനഷ്‌ടങ്ങളൊന്നും ഉണ്ടായില്ല.
പിന്നീട് ക്ഷേത്രമുറ്റത്ത് കൂടി കിഴക്കു ഭാഗത്തേക്ക് നീങ്ങിയ ആനയെ ക്ഷേത്രമുറ്റത്തു വച്ചുതന്നെ പാപ്പാന്മാർ എത്തി ശർക്കരയും മറ്റും നൽകി അനുനയിപ്പിച്ചതോടെ ശാന്തനായി. ഉടൻ തന്നെ കിഴക്കേ നടയ്‌ക്ക് സമീപമെത്തിച്ച് മരത്തിൽ തളച്ചു.