നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രോഗികൾക്കു ദുരിതം
Mail This Article
നിലമ്പൂർ∙ ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ദാഹമകറ്റാൻപോലും വെളളം കിട്ടുന്നില്ലെന്നു പരാതി. വെള്ളമില്ലാത്തതിനാലുള്ള ദുരിതത്തിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തയാളെ ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപം.
ശുദ്ധജല വിതരണത്തിനുള്ള വാട്ടർ ഡിസ്പെൻസറിയിലും ശുചിമുറികളിലും വെള്ളമില്ലാത്തതിന്റെ ഫോട്ടോകൾ രോഗിയുടെ കൂട്ടിരിപ്പുകാരനാണ് ഉദ്യാേഗസ്ഥന് അയച്ചത്. ആശുപത്രിയിൽ അതിക്രമിച്ചു കടന്നെന്ന് പാെലീസിൽ പരാതി നൽകുമെന്ന മറുപടിയാണ് ഇയാൾക്കു കിട്ടിയത്.
നിലമ്പൂർ താലൂക്കിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ ആശ്രയമാണ് ജില്ലാ ആശുപത്രി. നീലഗിരിയിലെ ഗൂഡല്ലൂർ താലൂക്കുകാരും ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. 142 കിടക്കകളാണുള്ളതെങ്കിലും ഇരട്ടിയിലേറെ രോഗികളെ കിടത്തിചികിത്സിക്കുന്നുണ്ട്.
ആശുപത്രി പ്രവർത്തനം, രോഗികൾ, പരിചാരകർ എന്നിവർക്കായി പ്രതിദിനം 2.5 ലക്ഷം ലീറ്റർ വെള്ളം വേണം. രണ്ടാഴ്ച മുൻപ് 2 കിണറുകൾ വറ്റി. ജല അതോറിറ്റി വിതരണം ചെയ്യുന്നത് ഒട്ടും തികയാതെ വന്നപ്പോൾ ടാങ്കറിൽ വെള്ളം എത്തിച്ച് പേരിന് പരിഹാരം കണ്ടു. പക്ഷേ രോഗികൾക്ക് ദുരിതം കുറവില്ല.
ആശുപത്രിയിൽ ദിവസവും മുടങ്ങാതെ വെളളം എത്തിക്കുന്നുണ്ടെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. രാവിലെ 8 മുതൽ 2 വരെ അരുവാക്കോട് ടാങ്കിൽനിന്ന് വിതരണം ഉണ്ട്. ബംഗ്ലാവ്കുന്ന് ടാങ്കിൽനിന്ന് നേരിട്ട് മുഴുവൻ നേരവും നൽകുന്നു. ആശുപത്രിയിൽ മതിയായ സംഭരണ സംവിധാനമില്ലാത്തതാണ് പ്രശ്നമെന്നാണ് അവർ നൽകുന്ന സൂചന. എന്നാൽ 50,000 ലീറ്ററിൽ അധികം ജല അതോറിറ്റി നൽകുന്നില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. പ്രശ്നപരിഹാരത്തിന് ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്തിയിട്ടില്ല.
രോഗികളെ കുറച്ചു
ഇതിനിടെ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് കുറച്ചിട്ടുണ്ട്. ഇന്നലെ ആകെ 103 പേരെയാണ് അഡ്മിറ്റ് ചെയ്തത്. അവരുടെ ആവശ്യങ്ങൾക്കു പോലും വെള്ളമില്ല. പലരും ഡിസ്ചാർജ് വാങ്ങിപ്പോയി. പുരുഷന്മാരുടെ വാർഡിൽ ഇന്നലെ പുലർച്ചെ മുതൽ വെളളം മുടങ്ങി. ഉച്ചകഴിഞ്ഞാണ് വെള്ളമെത്തിയത്. ശുചിമുറിയോടു ചേർന്ന വാർഡിലാണ് മഞ്ഞപ്പിത്ത രോഗികളെ കിടത്തുന്നത്. 7 പേർ ചികിത്സയിലുണ്ട്.
ആശുപത്രിയിൽനിന്ന് രോഗം പകരുന്ന സ്ഥിതിയാണെന്ന് രോഗികൾ പറയുന്നു.താൽക്കാലിക ആശ്വാസമെന്ന നിലയിയിൽ സമീപത്തെ ജിയുപി സ്കൂളിന്റെ കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിനും മോട്ടറും പൈപ്പും വാങ്ങണമെന്ന് അധികൃതർ പറഞ്ഞു.