സഹായ വാഗ്ദാനവുമായി വൈദികൻ; കട വരാന്തയിലെ ആറു വയസ്സുകാരിക്കും കുടുംബത്തിനും വീടും സ്ഥലവും
Mail This Article
മഞ്ചേരി ∙ അമ്മയോടൊപ്പം കട വരാന്തയിൽ ഉറങ്ങുമ്പോൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട ആറു വയസ്സുകാരിക്കും കുടുംബത്തിനും സ്ഥലവും വീടും വാഗ്ദാനം ചെയ്ത് ഫാ. മാത്യൂസ് വാഴക്കൂട്ടത്തിൽ. കുടുംബം താമസിക്കുന്ന മഞ്ചേരി എസ്ബിഐക്കു സമീപത്തെ ഷെഡിലെത്തി അദ്ദേഹം സഹായം ഉറപ്പു നൽകി.
മനോരമ വാർത്തയെ തുടർന്നാണു തീരുമാനം. നിലമ്പൂർ തൊണ്ടിയിൽ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നാലു സെന്റ് നൽകും. ലൈഫ് മിഷൻ പദ്ധതിയിൽ വീട് വയ്ക്കാൻ നഗരസഭയുടെ സഹായം തേടും. വീട് വയ്ക്കുന്നതു വരെ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ കുടുംബത്തിനു താമസിക്കാമെന്നും ഓർത്തഡോക്സ്‌സഭാ വൈദികനും ജീവകാരുണ്യ പ്രവർത്തകനുമായ ഫാ.മാത്യൂസ് പറഞ്ഞു. മഞ്ചേരി നഗരസഭാംഗം പ്രേമാ രാജീവിന് ഇക്കാര്യം ഉറപ്പു നൽകി. നിലമ്പൂരിൽ വന്നു താമസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മഞ്ചേരിയിലെ ഓർത്തഡോക്സ് ചർച്ച് മുഖേന സഹായം നൽകാമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തോടൊപ്പം കട വരാന്തയിൽ കഴിഞ്ഞിരുന്ന കുട്ടിയെ ബുധനാഴ്ച പുലർച്ചെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തമിഴ്നാട് സേലം സ്വദേശി മാരിമുത്തു, പിച്ചമ്മ ദമ്പതികളുടെ മകൾക്കുനേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് കേസെടുത്തെന്ന് ഇൻസ്പെക്ടർ കെ.എം.ബിനീഷ് പറഞ്ഞു. പന്തല്ലൂർ സ്വദേശിക്കെതിരെയാണ് കേസ്. പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്.
വർഷങ്ങളായി മഞ്ചേരിയിൽ ആക്രി ശേഖരിച്ചു ജീവിച്ചു വരുന്നതാണു കുടുംബം. പെട്ടെന്നു സ്ഥലം മാറുന്നതു സംബന്ധിച്ചു കൂടിയാലോചിച്ചു പറയാമെന്ന് മാരിമുത്തു ഫാ.മാത്യൂസിനോടു പറഞ്ഞു.