350 പവൻ മോഷണം: സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

Mail This Article
പൊന്നാനി ∙ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ കവർന്ന സംഭവത്തിൽ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. പൊന്നാനി, എടപ്പാൾ മേഖലകളിൽനിന്നായി ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത വീടിനു മുൻപിലൂടെ മോഷ്ടാവ് നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. തിരൂർ ഡിവൈഎസ്പി പി.പി.ഷംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 13ന് മോഷണം നടന്നതിനു പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും തെളിവുകൾ ശേഖരിക്കുന്നതിൽ ഏറെ പാടുപെടുന്ന സാഹചര്യമാണ്. മോഷണം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മോഷ്ടാവ് നശിപ്പിച്ചിരുന്നു. ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയതിൽ, സമീപത്തെ സംസ്ഥാന പാത വരെ മോഷ്ടാവ് നടന്നാണ് പോയതെന്നാണ് നിഗമനം.
അവിടെനിന്ന് വാഹനത്തിൽ കടന്നതായിരിക്കാമെന്നാണ് കരുതുന്നത്. ഇതിനായി സംസ്ഥാന പാതയിൽ പല ഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന മണപ്പറമ്പിൽ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ ലോക്കറിലുണ്ടായിരുന്ന 350 പവൻ നഷ്ടപ്പെട്ടുവെന്നാണ് രാജീവിന്റെ പരാതി. മോഷണം നടക്കുന്നതിനും ദിവസങ്ങൾക്ക് മുൻപാണ് രാജീവിന്റെ ഭാര്യ വീട് അടച്ചിട്ട് ദുബായിലേക്ക് പോയത്.