കാട്ടുപന്നിയുടെ വിളയാട്ടം; കുട്ടികളടക്കം എട്ടുപേർക്കു പരുക്ക്
Mail This Article
വളാഞ്ചേരി ∙ കഞ്ഞിപ്പുരയിലും സികെ പാറയിലും കാട്ടുപന്നിയുടെ ആക്രമണത്തിൽ 4 വയസ്സുകാരി അടക്കം 8 പേർക്കു പരുക്കേറ്റു. കഞ്ഞിപ്പുരയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആയിഷ റെന്ന (4), സഹോദരൻ ശ്യാമിൽ (16) എന്നിവരാണ് പരുക്കേറ്റ കുട്ടികൾ. കരേക്കാട് സികെപാറയിൽ പറമ്പിൽ ജോലിചെയ്യുകയായിരുന്ന കൊള്ളഞ്ചേരി പുത്തൻവീട്ടിൽ ഹരിദാസനെ (68) ആണ് പന്നി ആദ്യം ആക്രമിച്ചത്.
രക്ഷിക്കാനെത്തിയ ഭാര്യ നിർമല (64), സഹോദരന്റെ ഭാര്യ ബീന (53) എന്നിവരെയും ആക്രമിച്ച. പുന്നപ്പുറത്ത് സുരേന്ദ്രൻ (40), മേലേപീടിയേക്കൽ ഏനി (65), ഇന്ദിര സദനത്തിൽ മാധവി അമ്മ (75) എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവർ. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിരൂർ ജില്ലാ ആശുപത്രിയിൽനിന്ന് പ്രതിരോധ കുത്തിവയ്പുമെടുത്തു.
ഓട്ടത്തിനിടയിൽ പ്രദേശത്തെ കവലയിൽ നിർത്തിയിട്ടിരുന്ന 6 വാഹനങ്ങളും പന്നി തകർത്തു. ഏറെക്കാലമായി മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. പറമ്പുകളിലെ കൃഷിയും വാഴത്തോട്ടവും പന്നികൾ കുത്തി മറിച്ചിടുന്നത് സ്ഥിരം സംഭവമാണ്.