സമരം പിൻവലിച്ചെങ്കിലും വിമാനം റദ്ദാക്കുന്നതും വൈകലും തുടരുന്നു
Mail This Article
കരിപ്പൂർ ∙ ബഹ്റൈനിലേക്കുള്ള യാത്രക്കാർ ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിൽ കാത്തിരുന്നത് 12 മണിക്കൂർ. രാവിലെ പുറപ്പെടേണ്ട വിമാനം പുറപ്പെട്ടത് രാത്രിയോടെ. വിമാന ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെയും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വൈകലും റദ്ദാക്കലും തുടർന്നു.ഇന്നലെ രാവിലെ 10.10നു കോഴിക്കോട്ടുനിന്നു പുറപ്പെടേണ്ട ബഹ്റൈനിലേക്കുള്ള വിമാനത്തിലെ ജീവനക്കാർ എത്തിയില്ല.
യാത്രക്കാർ രാവിലെ ആറരയോടെ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും യാത്ര അനിശ്ചിതമായി നീണ്ടു. വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെ ശ്രമഫലമായി വൈകിട്ട് 6.48നു സർവീസ് നടത്താനായി. അതുവരെ യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങി.രാവിലെ 8നുള്ള റാസൽഖൈമ വിമാനം റദ്ദാക്കി. ഇക്കാര്യം നേരത്തെ അറിയിച്ചതിനാൽ യാത്രക്കാർ എത്തിയിരുന്നില്ല.
രാത്രി 8.50നു ദമാമിലേക്കു പോകേണ്ട സർവീസ് അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളംവച്ചു. ഇത് പിന്നീട് രാത്രി 10.20ലേക്ക് പുനഃക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. രാത്രി 11.10നുള്ള മസ്കത്ത് വിമാനവും റദ്ദാക്കി. ഇക്കാര്യം നേരത്തേ യാത്രക്കാരെ അറിയിച്ചതായി അധികൃതർ പറഞ്ഞു.ഇന്നു രാവിലെ 8.25നുള്ള ദുബായ് വിമാനവും റദ്ദാക്കി.
അവസാന നിമിഷം വിമാനം റദ്ദാക്കേണ്ട സാഹചര്യമാണ് യാത്രക്കാരെ വിഷമത്തിലാക്കുന്നത്. അവസാന നിമിഷംവരെ വിമാനം പുറപ്പെടുമെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പു പറയാനാകാത്ത സാഹചര്യമാണ്. സമരം ഒത്തുതീർന്നതായി അറിയിച്ചെങ്കിലും ജീവനക്കാർ കൃത്യമായി എത്തി സർവീസുകൾ സാധാരണ നിലയിലാകാൻ ഏതാനും ദിവസങ്ങൾകൂടി വേണ്ടിവരുമെന്നാണു കരുതുന്നത്.
‘കോഴിക്കോട് വിമാനത്താവളം എയർ ഇന്ത്യഎക്സ്പ്രസിനു വിട്ടുകൊടുക്കരുത് ’
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാത്രം സർവീസ് നടത്താനുള്ള തീരുമാനം എയർ ഇന്ത്യ അധികൃതർ പുനഃപരിശോധിക്കണമെന്നു മലബാർ ചേംബറും കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റിയും ആവശ്യപ്പെട്ടു. ആഭ്യന്തര- രാജ്യാന്തര സർവീസുകളിലായി എയർ ഇന്ത്യയെ ആശ്രയിക്കുന്ന യാത്രക്കാരെ ഏറെ ബാധിക്കുന്നതാണു തീരുമാനമെന്നു മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം. മെഹ്ബൂബും കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റി ചെയർമാൻ അലോക് കുമാർ സാബുവും പറഞ്ഞു.