‘അങ്ങയുടെ കണക്ക് തെറ്റാണ്’, ഫുൾ എ പ്ലസ് നേടാൻ ഇല്ല ഇത്രയും പാട്! മന്ത്രിക്ക് തുറന്ന കത്തെഴുതി എംഎസ്എഫ്

Mail This Article
പ്രിയപ്പെട്ട മന്ത്രീ,
മലപ്പുറത്ത് പത്താം ക്ലാസ് ജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരമുണ്ടെന്ന അങ്ങയുടെ പ്രസ്താവന വായിച്ചു. എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ, അങ്ങയുടെ കണക്ക് തെറ്റാണ്. അങ്ങ് പറഞ്ഞ പല വാദങ്ങൾക്കു പിന്നിലും രാഷ്ട്രീയമുണ്ട്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയം മാറ്റിവച്ച് കണക്കുകളിലേക്ക് വരാം. മലപ്പുറം ജില്ലയിൽ ഇത്തവണ 79,901 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇതിൽ 79,730 പേർ പാസായി. സർക്കാർ, എയ്ഡഡ് മേഖലയിൽ ആകെ ലഭ്യമായത് 52,600 പ്ലസ് വൺ സീറ്റുകളാണ്. ഇനി പോളി ടെക്നിക്കും ഐടിഐയും വിഎച്ച്‌സിയും എല്ലാം ചേർത്ത് കൂട്ടിയാലും 21,856 കുട്ടികൾ പുറത്ത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം അധിക ബാച്ച് അനുവദിച്ചിട്ടേയില്ല. പകരം, 60 മുതൽ 65 വരെ കുട്ടികൾ ഒരു ക്ലാസിൽ തിങ്ങിയിരുന്ന് പഠിക്കേണ്ട രീതിയിൽ സീറ്റുകൾ വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതു അനീതിയല്ലേ?
മലപ്പുറം ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ചുരുങ്ങിയത് 250 ബാച്ചുകളെങ്കിലും അധികമായി അനുവദിക്കണമെന്നതാണ് സ്ഥിതി. ഇത് വൈകാരികതയോ പ്രാദേശിക വാദമോ അല്ല, കൺമുന്നിലുള്ള യാഥാർഥ്യമാണ്. പുതിയ ബാച്ചുകൾ അനുവദിക്കണം. അതിനു സാമ്പത്തികമോ മറ്റോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, അതുവരെ മറ്റു ജില്ലകളിൽ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ആവശ്യമുള്ളിടത്തേക്കു മാറ്റുന്നതിന് എന്താണു തടസ്സം? വിദ്യാർഥികളുടെ പഠനനിലവാരം തകരുകയും അധ്യാപകരുടെ ജോലിഭാരം വർധിക്കുകയും ചെയ്യുമെന്നതാണ് സീറ്റ് വർധന കൊണ്ടുള്ള ഏക ‘ഗുണം’. മലബാറിലെ വിദ്യാഭ്യാസ പുരോഗതിയെ അവഗണിച്ചത് ഏതു സർക്കാരുകളാണെന്നതിന് നമുക്ക് മുന്നിലുള്ള കണക്കുകൾ തെളിവാണ്.
2001–2006 കാലഘട്ടത്തിൽ 286 ഗവ. ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയാക്കി ഉയർത്തിയകാലത്ത് മുസ്‌ലിം ലീഗാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. മലപ്പുറം ജില്ലയിലെ 49 സ്കൂളുകളും ഇതിലുൾപ്പെടും. 2006–2011 കാലത്ത്, ഇടതു സർക്കാരിന്റെ ഭരണത്തിൽ 174 ബാച്ചുകളാണ് സംസ്ഥാനമാകെ അനുവദിച്ചത്. 2011–2016 കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചത്. 2011ൽ 552 പുതിയ ബാച്ചുകളും 2014ൽ 97 പുതിയ സ്കൂളുകളടക്കം 850 ബാച്ചുകളും അനുവദിച്ചു. എട്ടു വർഷമായി ഭരണത്തിലിക്കുന്ന പിണറായി സർക്കാർ അധിക സീറ്റുകൾ മാത്രം അനുവദിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ്.
കുട്ടികൾ പണം കൊടുത്തു പഠിക്കേണ്ട അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾ കൂടി കണക്കാക്കിയാണോ അങ്ങ് മലപ്പുറത്ത് ആവശ്യത്തിനു സീറ്റുകളുണ്ടെന്ന വാദം മുന്നോട്ടുവയ്ക്കുന്നത്? മറ്റു പല ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ മലപ്പുറത്തെ കുട്ടികൾ പണം മുടക്കി പഠിക്കണമെന്നു പറയുന്നതു ന്യായമല്ലല്ലോ. ഒരു തലമുറയോടുള്ള കടുത്ത അനീതിയിൽനിന്നു പിന്മാറാൻ സർക്കാർ തയാറാകണമെന്ന് വിനീതമായി അങ്ങയോട് അപേക്ഷിക്കുന്നു.
സംസ്ഥാന ബാലാവകാശ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി
മലപ്പുറം∙ മലബാറിലെ ഹയർസെക്കൻഡറി സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനോടു റിപ്പോർട്ട് തേടി. പത്താം ക്ലാസ് വിജയിച്ച മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോഡൂരിലെ പൊതുപ്രവർത്തകനായ എം.ടി.മുർഷിദ് നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ബാലാവകാശ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനു നൽകിയ നിർദേശം. പ്രശ്നപരിഹാരത്തിനായി സർക്കാർ മേഖലയിൽ 30 ശതമാനവും എയ്ഡഡിൽ 20 ശതമാനവും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം അധ്യാപകർക്കും വിദ്യാർഥികൾക്കും ദുരിതമാകും. മുൻപും ഇതേ രീതിയിൽ സീറ്റുകൾ വർധിപ്പിച്ചതിനാൽ പല ക്ലാസ് മുറികളിലും വിദ്യാർഥികൾ വീർപ്പുമുട്ടുന്ന അവസ്ഥയാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് പരിഹാരമെന്നും പരാതിയിൽ പറഞ്ഞിരുന്നു.