ADVERTISEMENT

കരിപ്പൂർ ∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ ഹജ് ഹൗസിൽ ഹജ് ക്യാംപിനുള്ള ഒരുക്കങ്ങൾ സജീവമായി. ഹജ് ഹൗസ് മുറ്റത്ത് വിശാലമായ പന്തൽ ഒരുങ്ങുന്നുണ്ട്. തീർഥാടകരെ സ്വീകരിച്ച് യാത്രയാക്കാനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഹജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത  വനിതാ ബ്ലോക്കും പ്രവർത്തനസജ്ജമായി.

വിമാനത്താവളത്തിലും തീർഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. തീർഥാടകർ നേരിട്ട് വിമാനത്താവളത്തിലെത്തി എയർ ഇന്ത്യ എക്സ്പ്രസ് കൗണ്ടറിൽ ലഗേജ് കൈമാറിയ ശേഷമാണ് ഹജ് ക്യാംപിലേക്ക് എത്തേണ്ടത്. ലഗേജ് സ്വീകരിക്കാൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കും. ഓരോ തീർഥാടകരും ക്യാംപിലും വിമാനത്താവളത്തിലും എത്തേണ്ട സമയം ഹജ് കമ്മിറ്റി അധികൃതർ അറിയിച്ചു തുടങ്ങി.

എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കൗണ്ടറുകൾ ഒരുക്കും. നിശ്ചിത സീറ്റുകൾക്കു പുറമേ, അധികമായി അവസരം ലഭിച്ചവർക്ക് വിമാന യാത്രാസൗകര്യം ഒരുക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് നടപടി സ്വീകരിക്കും. 20നു രാവിലെ 10ന് കരിപ്പൂർ ഹജ് ഹൗസിൽ ക്യാംപ് ആരംഭിക്കും. 21നു പുലർച്ചെ 12.05ന് ആണ് ആദ്യ വിമാനം.

ക്യാംപിലെത്തുന്ന തീർഥാടകർ 20നു രാത്രി 8 മണിയോടെ വിമാനത്താവളത്തിലേക്കു തിരിക്കും. സംസ്ഥാനത്തുനിന്ന് അവസരം ലഭിച്ച 17,883 തീർഥാടകരിൽ 10,430 പേരും കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. ഇവർക്കുള്ള സൗകര്യങ്ങളാണു ഹജ് ക്യാംപിലും വിമാനത്താവളത്തിലും ഒരുക്കുന്നത്.

കരിപ്പൂർ ഹജ് ക്യാംപ് വിഭാഗീയ  പ്രവർത്തനത്തിന് ഉപയോഗിക്കരുത്: ലീഗ്
കൊണ്ടോട്ടി ∙ രണ്ടു പതിറ്റാണ്ടിലധികമായി നല്ല നിലയിൽ നടക്കുന്ന കരിപ്പൂർ ഹജ് ക്യാംപ് ഇത്തവണ ഒരുകൂട്ടം ആളുകൾ വിഭാഗീയ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്നും ഇതു പ്രതിഷേധാർഹമാണെന്നും നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി.

ഹജ് ക്യാംപിനോടനുബന്ധിച്ചു വൊളന്റിയർമാരായി,ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേർ വർഷങ്ങളായി സേവനം ചെയ്യാറുണ്ട്. മുൻകൂട്ടി മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ച് അപേക്ഷ സ്വീകരിച്ച് ഇന്റർവ്യൂ നടത്തിയാണ് കക്ഷി രാഷ്ട്രീയം നോക്കാതെ വൊളന്റിയർമാരെ തിരഞ്ഞെടുത്തിരുന്നത്.

ഈ വർഷം അറിയിപ്പിലൂടെ വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനു പകരം, ഒരു സംഘടന അവരുടെ സംഘടനാ അംഗത്വം ഉള്ളവർ മാത്രം അപേക്ഷിക്കുന്നതിനു സമൂഹമാധ്യമം വഴി നിർദേശിക്കുകയും അത്തരത്തിൽ അപേക്ഷാഫോം വിതരണം നടത്തുകയും ചെയ്തു.

സംസ്ഥാന സർക്കാരിന്റെ ഹജ് കാര്യ വകുപ്പിനു കീഴിൽ നടക്കേണ്ട ഹജ് ക്യാംപിന്റെ നിയന്ത്രണം ഈ സംഘടനയുടെ അനുയായികൾക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ഹജ് ചരിത്രത്തിൽ ഇല്ലാത്തതാണ്. വ്യക്തിതാൽപര്യങ്ങൾക്കും വിഭാഗീയ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കാത്തതിന്റെ പേരിൽ നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും ദുഷ്ടലാക്കോടെയായിരുന്നുവെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.

ഹജ് ക്യാംപ് സംബന്ധമായ പല പരിപാടികളിലും ജനപ്രതിനിധികൾ അടക്കമുള്ളവർക്കു മതിയായ പരിഗണന ലഭിക്കുന്നില്ല. ക്യാംപിനായി രൂപീകരിച്ച സംഘാടക സമിതിയുടെ യോഗം ചേർന്നിട്ടില്ല. സംഘാടക സമിതിയെനോക്കുകുത്തിയാക്കുന്ന വിധത്തിലാണ് ഹജ് കമ്മിറ്റിയുടെ  നീക്കങ്ങൾ.  ഇക്കാര്യങ്ങൾ ഹജ് കമ്മിറ്റിയും സർക്കാരും വിശദമായി പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ആധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.സി.അബ്ദുറഹിമാൻ, എ.ഷൗക്കത്തലി ഹാജി, കെ.പി.മൂസക്കുട്ടി, കെ.എം.സൽമാൻ, ഇ.എം.ഉമ്മർ, എ.എ.സലാം, എ.പി.കുഞ്ഞാൻ, കെ.ഇമ്പിച്ചിമോതി, വി.പി.സിദ്ദീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com