വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒറ്റ ദിവസം പിടികൂടിയത് 6.31 കോടിയുടെ സ്വർണം

Mail This Article
കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒറ്റ ദിവസം 8 യാത്രക്കാരിൽനിന്നായി 6.31 കോടി രൂപയുടെ 8.8 കിലോഗ്രാം സ്വർണവും 3 യാത്രക്കാരിൽനിന്ന് 12.85 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും പിടികൂടി. ഡിആർഐക്കു ലഭിച്ച വിവരത്തെത്തുടർന്നു കസ്റ്റംസ് നടത്തിയ പരിശോധനയിൽ 5 വ്യത്യസ്ത കേസുകളിലായി 5.9 കിലോഗ്രാം സ്വർണം കണ്ടെടുത്തു. ഇവരിൽ 3 പേർ കാൽപാദത്തിനു താഴെ സോൾ രൂപത്തിലാക്കിയ സ്വർണമിശ്രിതപ്പൊതി ഒട്ടിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്. മൂവരും മലപ്പുറം സ്വദേശികളാണ്. 2 പേർ റാസൽഖൈമയിൽനിന്നും ഒരാൾ ദുബായിൽനിന്നുമാണ് എത്തിയത്. 91.22 ലക്ഷം, 78.33 ലക്ഷം, 89.29 ലക്ഷം വീതം രൂപയുടെ സ്വർണമാണു കണ്ടെടുത്തത്. മറ്റു 2 യാത്രക്കാർ ശരീരത്തിൽ ഒളിപ്പിച്ച സ്വർണവും കണ്ടെടുത്തു. റാസൽഖൈമയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 71.53 ലക്ഷം രൂപയുടെ സ്വർണവും ദുബായിൽനിന്നെത്തിയ കോഴിക്കോട് കുന്നുമക്കര സ്വദേശിയിൽനിന്ന് 92.65 ലക്ഷം രൂപയുടെ സ്വർണവും പിടികൂടി. 5 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ശരീരത്തിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ദുബായിൽനിന്നെത്തിയ തലശ്ശേരി സ്വദേശിയിൽനിന്നു 48 ലക്ഷം രൂപയുടെ 682 ഗ്രാം സ്വർണം, ഷാർജയിൽനിന്നെത്തിയ കുറ്റ്യാടി സ്വദേശിയിൽനിന്ന് 79.70 ലക്ഷം രൂപയുടെ 1.122 കിലോഗ്രാം സ്വർണം, ദുബായിൽനിന്നെത്തിയ വയനാട് സ്വദേശിയിൽനിന്ന് 80.08 ലക്ഷം രൂപയുടെ സ്വർണം എന്നിവയാണു കണ്ടെടുത്തത്. കുറ്റ്യാടി, വയനാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. മസ്കത്തിൽനിന്നെത്തിയ പുതുക്കോട്ടൈ, സാലിഗ്രാമം, കാസർകോട് സ്വദേശികളായ 3 യാത്രക്കാരിൽനിന്നായി 12.85 ലക്ഷം രൂപയുടെ സിഗരറ്റും കസ്റ്റംസ് പിടികൂടി.