കരിപ്പൂർ ഹജ് ക്യാംപ് നാളെ മുതൽ; പ്രാർഥനാ മന്ത്രങ്ങളുടെ 20 ദിനരാത്രങ്ങൾ

Mail This Article
കരിപ്പൂർ ∙ നാളെ മുതൽ 20 ദിനരാത്രങ്ങൾ ഹജ് തീർഥാടകരുടെ പ്രാർഥനാ മന്ത്രങ്ങളാൽ കരിപ്പൂർ ഹജ് ക്യാംപ് ധന്യമാകും. സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴിൽ കോഴിക്കോട് വിമാനത്താവളം വഴിയുള്ള തീർഥാടകർ നാളെ രാവിലെ മുതൽ കരിപ്പൂർ ഹജ് ക്യാംപിൽ എത്തിത്തുടങ്ങും. സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ 17,883 പേരാണ് വിവിധ ഹജ് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി ഇത്തവണ പുറപ്പെടുന്നത്. ഇവരിൽ 10,430 പേരും കരിപ്പൂർ വഴിയാണ്. 21നു പുലർച്ചെ 12.05ന് ആണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 3011 നമ്പർ വിമാനത്തിൽ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ 8നും വൈകിട്ട് 3നും വിമാനങ്ങളുണ്ട്. ആദ്യ വിമാനത്തിൽ പുറപ്പെടുന്നവർ നാളെ രാവിലെ 10നും രണ്ടാം സംഘം ഉച്ചയ്ക്ക് 12നും മൂന്നാം സംഘം ഉച്ചയ്ക്ക് രണ്ടിനും ഹജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളത്തിൽ പില്ലർ നമ്പർ 13ൽ ആണ് തീർഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ സ്വീകരിക്കാൻ സൗകര്യമുണ്ട്. ലഗേജ് കൈമാറിയ ശേഷം ഹജ് കമ്മിറ്റി ഒരുക്കിയ ബസിൽ തീർഥാടകരെ ഹജ് ക്യാംപിലേക്ക് എത്തിക്കും. തുടർന്നുള്ള ക്രമീകരണങ്ങൾക്ക് എല്ലാ സൗകര്യവും ഏർപ്പെടുത്തി.
ഓരോ വിമാനത്തിലും യാത്രയാകേണ്ട തീർഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയക്രമം ഹജ് കമ്മിറ്റി വെബ്സൈറ്റിലുണ്ട്. തീർഥാടകരെ ബന്ധപ്പെട്ട വൊളന്റിയർ ഫോൺ മുഖേന അറിയിക്കുകയും ചെയ്യും. കോഴിക്കോട് ക്രൈം ബ്രാഞ്ച് പൊലീസ് മേധാവി കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ 41 അംഗം ഉദ്യോഗസ്ഥർ കരിപ്പൂർ ഹജ് സെല്ലിൽ ചുമതലയേറ്റു. ഹജ് സെൽ സ്പെഷൽ ഓഫിസറായി ചുമതലയേറ്റ യു.അബ്ദുൽ കരീം ആണ് സംസ്ഥാനത്തെ 3 വിമാനത്താവളങ്ങളിലും ഹജ് സെൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 26ന് ആണ് കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ് വിമാനം. കണ്ണൂരിൽനിന്ന് ജൂൺ ഒന്നിന്.
ഒരുക്കങ്ങൾ വിലയിരുത്തി സംഘാടക സമിതി
ഹജ് ക്യാംപിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു സംഘാടക സമിതി ഭാരവാഹികളുടെയും വിവിധ ഉപസമിതികളുടെയും യോഗം ചേർന്നു. ഹജ് ക്യാംപ് സംഘാടക സമിതി ചെയർമാൻ പി.വി.അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹജ് കമ്മിറ്റി അംഗം ഉമ്മർ ഫൈസി മുക്കം പ്രാർഥന നടത്തി. ടി.വി.ഇബ്രാഹിം എംഎൽഎ, ഡോ. ഐ.പി.അബ്ദുസ്സലാം, കെ.പി.സുലൈമാൻ ഹാജി, മുഹമ്മദ് ഖാസിം കോയ, സി.ടി.ഫാത്തിമത്ത് സുഹ്റാബി, ഇ.എൻ.മോഹൻദാസ്, അഷ്റഫ് മടാൻ, അലി വെട്ടോടൻ, പി.മൊയ്തീൻകുട്ടി, പി.ടി.അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു.
ഹജ് തീർഥാടകർക്ക് ജില്ലാ പഞ്ചായത്തിന്റെ മെഡിക്കൽ കിറ്റ്
മലപ്പുറം ∙ കരിപ്പൂർ ഹജ് ക്യാംപിലെത്തുന്ന മുഴുവൻ തീർഥാടകർക്കും മലപ്പുറം ജില്ലാ പഞ്ചായത്ത് വക സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ കിറ്റ്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന താൽക്കാലിക ഡിസ്പെൻസറി സൗകര്യവും മെഡിക്കൽ കൗണ്ടറും ക്യാംപിൽ ഒരുക്കി. നാളെ രാവിലെ 10ന് വിതരണം ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം ഹജ് തീർഥാടകർക്കു സൗജന്യ മെഡിക്കൽ കിറ്റ് വിതരണം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവർ പറഞ്ഞു. ഹജ് അൽഷിഫാ കിറ്റ് എന്ന പേരിൽ നൽകുന്ന മെഡിക്കൽ കിറ്റിൽ മരുന്നുകൾ, ലേപനങ്ങൾ, തൈലം, കണ്ണിൽ ഒഴിക്കുന്ന മരുന്ന് തുടങ്ങിയവയും ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളുമുണ്ടാകും. ആയുർവേദത്തിനും ഹോമിയോപ്പതിക്കും പ്രത്യേകം കൗണ്ടറുകളും ഡിസ്പെൻസറികളുമുണ്ടാകും. മെഡിക്കൽ കിറ്റിനു പുറമേ ഡോക്ടർ നിർദേശിക്കുന്ന മറ്റു മരുന്നുകളും സൗജന്യമായി നൽകും. ഹജ് ക്യാംപ് സമാപിക്കുന്ന ദിവസം വരെ സൗകര്യങ്ങളുണ്ടാകുമെന്ന് ഇരുവരും പറഞ്ഞു.