കേരളത്തിൽ നിന്നുള്ള ഹജ് യാത്ര 21 മുതൽ; തീർഥാടകരെ സ്വീകരിക്കാൻ കരിപ്പൂർ ഹജ് ക്യാംപ് ഒരുങ്ങി

Mail This Article
കരിപ്പൂർ ∙ കേരളത്തിൽനിന്നുള്ള ആദ്യ ഹജ് വിമാനം നാളെ പുലർച്ചെ 12.05നു കോഴിക്കോട്ടുനിന്നു പുറപ്പെടും. നാളെ 3 വിമാനങ്ങളുണ്ട്. രാവിലെ എട്ടിനും വൈകിട്ട് മൂന്നിനുമാണ് മറ്റു 2 സർവീസുകൾ. ഇന്നു രാവിലെ 10 മുതൽ തീർഥാടകർ ക്യാംപിൽ എത്തിത്തുടങ്ങും.കേരളത്തിലെ ഹജ് തീർഥാടന ചരിത്രത്തിൽ കൂടുതൽ പേർക്ക് അവസരം ലഭിച്ച ഇത്തവണ, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 6 ഹജ് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള തീർഥാടകർ യാത്ര ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. 17,883 പേർക്കാണ് കേരളത്തിൽനിന്ന് അവസരം.

ഇതിൽ 10,430 പേർ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. കൊച്ചി–4273, കണ്ണൂർ–3135, ബെംഗളൂരു–37, ചെന്നൈ–5, മുംബൈ–3 എന്നിങ്ങനെയാണ് മറ്റു വിമാനത്താവളങ്ങൾവഴി പുറപ്പെടുന്നവരുടെ എണ്ണം. ഇവർക്കൊപ്പം 2 വയസ്സിനു താഴെ പ്രായമുള്ള 8 കുഞ്ഞുങ്ങളുമുണ്ട്. കൊച്ചിയിൽനിന്ന് ഈ മാസം 26നും കണ്ണൂരിൽനിന്ന് ജൂൺ ഒന്നിനും ഹജ് വിമാന സർവീസുകൾ ആരംഭിക്കും. കേരളത്തിൽനിന്നുള്ള തീർഥാടകർ ജിദ്ദയിലേക്കാണു പോകുന്നത്. ഹജ് കർമം കഴിഞ്ഞു മടക്കയാത്ര മദീനയിൽനിന്ന്.
കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന തീർഥാടകർ ആദ്യം വിമാനത്താവളത്തിലാണ് എത്തേണ്ടത്. അവിടെ പില്ലർ നമ്പർ 10ൽ ലഗേജ് സ്വീകരിക്കുന്നതിനു പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. അവിടെനിന്ന് പ്രത്യേക വാഹനത്തിൽ തീർഥാടകരെ ഹജ് ക്യാംപിൽ എത്തിക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അറിയിച്ചു.
498 തീർഥാടകർ നാളെ പുണ്യഭൂമിയിലേക്ക്
കരിപ്പൂർ ∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ് ക്യാംപ് ഇന്നു മുതൽ. 3 വിമാനങ്ങളിലായി 498 തീർഥാടകർ നാളെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുണ്യഭൂമിയിലേക്കു പുറപ്പെടും. കേരളത്തിൽനിന്നുള്ള ആദ്യ സംഘം ഇന്നു രാത്രി 8 മണിയോടെ ഹജ് ക്യാംപിൽനിന്നു വിമാനത്താവളത്തിലെത്തും. തീർഥാടകരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഹജ് ഹൗസിൽ ഒരുക്കിയിരിക്കുന്നത്.
ഹജ് കമ്മിറ്റി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, എയർപോർട്ട് ഉദ്യോഗസ്ഥർ, വൊളന്റിയർമാർ തുടങ്ങിയവർ ചേർന്നു സ്വീകരിക്കും. വിമാനത്താവളത്തിലെ പില്ലർ നമ്പർ പത്തിലാണ് തീർഥാടകർ ആദ്യം എത്തേണ്ടത്. റജിസ്ട്രേഷന്റെ ഭാഗമായി തീർഥാടകരുടെ പേര്, കവർ നമ്പർ, യാത്രാ തീയതി എന്നിവ രേഖപ്പെടുത്തിയ പ്രത്യേക ബാഡ്ജ് നൽകും. തുടർന്ന് ഹജ് ക്യാംപിൽ എത്തിക്കും. ഹജ് ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു വൈകിട്ട് 4നു നടക്കും.
ഹജ് ക്യാംപിലെ വിവിധ മേഖലകളിലേക്കുള്ള വൊളന്റിയർമാർ ഇന്നലെ വൈകിട്ടോടെ ഹജ് ക്യാംപിൽ എത്തി. ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനു ഹജ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ സമിതികളുടെ സംയുക്ത യോഗം ദിവസവും വൈകിട്ടു ചേരും. ക്യാംപ് ഒരുക്കങ്ങൾ ചെയർമാൻ സി.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നു വിലയിരുത്തി.
ഹജ് കമ്മിറ്റി അംഗങ്ങളായ പി.മൊയ്തീൻ കുട്ടി, കെ.പി.സുലൈമാൻ ഹാജി ഡോ.ഐ.പി.അബ്ദുസ്സലാം, സഫർ കയാൽ, പി.ടി.അക്ബർ, ഹജ് സെൽ സ്പെഷൽ ഓഫിസർ യു.അബ്ദുൽ കരീം, അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
തീർഥാടകരും വിമാനങ്ങളും
∙നാളെ ആദ്യ വിമാനം പുലർച്ചെ 12.05നു പുറപ്പെടും. യാത്രക്കാർ പ്രാർഥന, ഭക്ഷണം എന്നിവയ്ക്കു ശേഷം രാത്രി എട്ടിന് ഹജ് ക്യാംപിൽനിന്നു വിമാനത്താവളത്തിലേക്കു തിരിക്കും. 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 166 തീർഥാടകരുമായി വിമാനം ജിദ്ദയിലേക്കു പറക്കും. സൗദി സമയം പുലർച്ചെ 3.50 ജിദ്ദയിലെത്തും.
∙നാളെ രണ്ടാമത്തെ വിമാനം രാവിലെ 8ന്. തീർഥാടകർ പുലർച്ചെ 4നു വിമാനത്താവളത്തിലേക്ക് തിരിക്കും. യാത്രക്കാർ ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12ന് മുൻപ് ക്യാംപിൽ എത്തണം. വിമാനത്തിൽ 90 പുരുഷന്മാരും 76 സ്ത്രീകളും.
∙മൂന്നാമത്തെ വിമാനം നാളെ വൈകിട്ട് 3നു വിമാനത്താവളത്തിൽനിന്നു പുറപ്പെടും. ഹജ് ക്യാംപിൽനിന്ന് തീർഥാടകർ ഉച്ചയ്ക്ക് 11ന് വിമാനത്താവളത്തിലേക്കു പുറപ്പെടും. ഈ വിമാനത്തിലേക്കുള്ള തീർഥാടകർ ഇന്ന് ഉച്ചയ്ക്ക് 2നു മുൻപ് ക്യാംപിൽ എത്തും. 84 പുരുഷന്മാരും 82 സ്ത്രീകളും ഉൾപ്പെടെ 166 തീർഥാടകർ.