ADVERTISEMENT

ജിദ്ദ∙ കേരള ഹജ് കമ്മിറ്റി മുഖേന കോഴിക്കോട്ടു നിന്ന് 3 വിമാനങ്ങളിലായി യാത്ര തിരിച്ച 498 മലയാളി തീർഥാടകർ മക്കയിൽ എത്തി. ഹജ് മിഷന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തീർഥാടകർക്ക് ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലും മക്കയിലും ഊഷ്മള സ്വീകരണം നൽകി. സൗദി സമയം പുലർച്ചെ ഒന്നേകാൽ മണിക്കൂർ വൈകി 5.05നാണ് ആദ്യ വിമാനം എത്തിയത്.

കരിപ്പൂർ ഹജ് ക്യാംപിൽനിന്ന് ഹജ് തീർഥാടകരെ യാത്രയാക്കുന്ന ബന്ധുക്കൾ.
കരിപ്പൂർ ഹജ് ക്യാംപിൽനിന്ന് ഹജ് തീർഥാടകരെ യാത്രയാക്കുന്ന ബന്ധുക്കൾ.

80 വനിതകളും 86 പുരുഷന്മാരും ഉൾപ്പെടെ 166 തീർഥാടകരാണ് ഇതിലുണ്ടായിരുന്നത്. പിന്നീട് എത്തിയ 2 വിമാനങ്ങളിൽ 166 തീർഥാടകർ വീതം ഉണ്ടായിരുന്നു. ഹജ് മിഷൻ, ഹജ് സെൽ, ഐസിഎഫ്, ആർഎസ്‍സി, കെഎംസിസി, നവോദയ എന്നിവയുടെ വൊളന്റിയർമാർ തീർഥാടകരെ സ്വീകരിച്ചു. അവശ്യസാധന കിറ്റും ഭക്ഷണവും ഒരുക്കിയിരുന്നു. ഹജ് മിഷൻ ബസുകളിൽ തീർഥാടകരെ മക്കയിലെ ഹറം പള്ളിയിൽ എത്തിച്ചു.

ഉംറ നിർവഹിച്ച ശേഷം തീർഥാടകർ അസീസിയയിലെ താമസസ്ഥലത്തു വിശ്രമിക്കുകയാണ്. നാളെ മക്കയിലെ ചരിത്രപ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിക്കും.‌ ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഇതുവരെ 3 ലക്ഷത്തോളം തീർഥാടകർ സൗദിയിൽ എത്തിയിട്ടുണ്ട്. 1,75,025 തീർഥാടകരാണ് ഇത്തവണ ഹജ് നിർവഹിക്കുക.

ആദ്യ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി ഹജ് വിമാനം വൈകിയതിൽ ആശങ്ക; പ്രശ്നങ്ങളില്ലെന്ന് വിമാനക്കമ്പനി
കരിപ്പൂർ ∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ പതിവു സർവീസുകൾ ഇടയ്ക്കിടെ മുടങ്ങുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ആദ്യ ഹജ് വിമാനം ഒരു മണിക്കൂർ വൈകിയതോടെ ഹജ് തീർഥാടകരിലും ആശങ്ക. വിമാനം വൈകലും മറ്റും ഹജ് സർവീസുകളെയും ബാധിക്കുമോ എന്നതാണ് ആശങ്ക.

ഇന്നലെ പുലർച്ചെ 12.05നു പുറപ്പെടേണ്ട ആദ്യവിമാനം ജിദ്ദയിലേക്കു പറന്നത് ഒരു മണിക്കൂർ വൈകിയാണ്. അൻപതിലേറെ വിമാനങ്ങളിലായി പതിനായിരത്തോളം ഹജ് തീർഥാടകർ ഇനിയും കോഴിക്കോട് വിമാനത്താവളം വഴി ജിദ്ദയിലേക്കു പുറപ്പെടാനുണ്ട്. 4 മണിക്കൂർ മുൻപു വിമാനത്താവളത്തിൽ എത്താനാണ് തീർഥാടകർക്കു നിർദേശം. അതനുസരിച്ചാണ് തീർഥാടകർ ഹജ് ക്യാംപിൽനിന്ന് വിമാനത്താവളത്തിലേക്കു പുറപ്പെടുന്നത്.

മണിക്കൂറുകൾക്കു മുൻപേ ലഗേജ് വിമാനത്താവളത്തിൽ എത്തിക്കുന്നുമുണ്ട്. ബോർഡിങ് പാസ് നൽകുന്നതിനുള്ള നടപടികളും നേരത്തേ പൂർത്തിയാക്കിയ ശേഷമാണ് യാത്ര. എന്നിട്ടും വീണ്ടും വിമാനത്താവളത്തിൽ ഒരു മണിക്കൂർ കാത്തിരിക്കേണ്ട അവസ്ഥയാണ് ആദ്യവിമാനത്തിലെ തീർഥാടകർക്കുണ്ടായത്. നിശ്ചിത സമയം കഴിഞ്ഞും വിമാനം വൈകിയാൽ, സൗദിയിൽ ചെലവഴിക്കാനുള്ള സമയമാണു നഷ്പ്പെടുകയെന്നു തീർഥാടകർ പറഞ്ഞു.

എന്നാൽ, ഹജ് യാത്ര സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹജ് സർവീസുകളെ ഒരുവിധത്തിലും ബാധിക്കില്ല. ആദ്യവിമാനം ബെംഗളൂരുവിൽനിന്ന് എത്താൻ വൈകിയതിനാലാണ് പുറപ്പെടുന്നതിലും താമസമുണ്ടായത്. ഹജ് സർവീസുകൾക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

വിമാനം റദ്ദാക്കൽ തുടരുന്നു
ജീവനക്കാരുടെ സമരം ഒത്തുതീർന്നെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കൽ വീണ്ടും. തിങ്കളാഴ്ചയും ഇന്നലെയും 3 സർവീസുകൾ വീതം റദ്ദാക്കി. ഇന്നലെ രാവിലെ 9.35നുള്ള കോഴിക്കോട് –ദോഹ, ഉച്ചയ്ക്ക് 12 മണിക്കുള്ള കോഴിക്കോട് –ഷാർജ, രാത്രി 8.50നുള്ള കോഴിക്കോട് –ദമാം വിമാനങ്ങളാണു റദ്ദാക്കിയത്. കഴിഞ്ഞ ദിവസവും 3 സർവീസുകൾ റദ്ദാക്കിയിരുന്നു. അതേസമയം, ഇന്നു മുതൽ സർവീസുകൾ സാധാരണ രീതിയിലാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ  പറഞ്ഞു.

വനിതാ തീർഥാടകർക്ക് പ്രത്യേക വിമാനങ്ങൾ നാളെ മുതൽ
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വനിതാ ഹജ് തീർഥാടകർക്കു മാത്രമായി ഇത്തവണയും പ്രത്യേകം വിമാന സർവീസുകൾ. വനിതകൾ മാത്രമുള്ള ആദ്യ വിമാനം നാളെ വൈകിട്ട് 5ന് ജിദ്ദയിലേക്കു പുറപ്പെടും. കേരളത്തിൽനിന്ന് ഇത്തവണ മെഹ്റം (ആൺതുണ) ഇല്ലാത്തവരുടെ വിഭാഗത്തിൽ 3,582 വനിതകൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. നാളെ മുതൽ 28 വരെയുള്ള 12 വിമാനങ്ങളിലായി ഇവരെ കൊണ്ടുപോകും. കഴിഞ്ഞ വർഷവും വനിതാ തീർഥാടകർക്കായി പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.

ഹജ് ക്യാംപ് സന്ദർശിച്ചു
∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കരിപ്പൂർ ഹജ് ക്യാംപ് സന്ദർശിച്ചു. എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ്, ജില്ലാ പഞ്ചായത്തംഗം പി.കെ.സി.അബ്ദുറഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പുളിക്കൽ അഹമ്മദ് കബീർ, അജ്മൽ ആനത്താൻ, അബ്ദുൽ ഗഫൂർ പള്ളിക്കൽ, മുജീബ് റഹ്മാൻ പുളിക്കൽ, ഡിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എ.അബ്ദുൽ അലി, എം.കെ.മുഹ്സിൻ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, ബ്ലോക്ക് പ്രസിഡന്റ് കെ.ബിന്ദു, വൈസ് പ്രസിഡന്റ് എ.കെ.അബ്ദുറഹ്മാൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
∙സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് എന്നിവർ ഹജ് ക്യാംപ് സന്ദർശിച്ചു.  ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സൈതലവി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷഫീർ കിഴിശ്ശേരി, മുതുവല്ലൂർ ലോക്കൽ സെക്രട്ടറി അസ്‌ലം ഷേർഖാൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

ജൂൺ 7 വരെ 3 വീതം വിമാനങ്ങൾ
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജൂൺ 7 വരെ ദിവസവും 3 വീതം ഹജ് സർവീസുകൾ. ജൂൺ 8ന് നാലും 9ന് ഒന്നും വിമാനങ്ങളാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 9,794 തീർഥാടകരെ കൊണ്ടുപോകാനുള്ള യാത്രാപട്ടികയാണു തയാറായത്. ഒടുവിൽ അവസരം ലഭിച്ച തീർഥാടകർക്കുള്ള സമയപ്പട്ടിക ഉടൻ പ്രഖ്യാപിക്കും. 10,430 തീർഥാടകരാണു കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. വിവിധ വിമാനങ്ങളിലേക്കുള്ള തീർഥാടകർ ഹജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യേണ്ട സമയം ഹജ് കമ്മിറ്റി അധികൃതർ ഓരോരുത്തരെയും അറിയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com