ADVERTISEMENT

പട്ടാമ്പി / പെരിന്തൽമണ്ണ ∙ ട്രെയിനിൽ രണ്ടു യാത്രക്കാർക്കു പാമ്പുകടിയേറ്റെന്ന സംശയം പരിഭ്രാന്തി പരത്തി. കടിച്ചതു പാമ്പല്ലെന്നും ശരീരത്തിൽ വിഷാംശമില്ലെന്നും വൈദ്യപരിശേ‍‍ാധനയിൽ കണ്ടെത്തിയതേ‍ാടെ ആശങ്കയെ‍ാഴിഞ്ഞു. കോച്ചിൽ പിന്നീട് എലിയെ കണ്ടെത്തി.ഇന്നലെ രാവിലെ തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിലും നിലമ്പൂർ – ഷെ‍ാർണൂർ എക്സ്പ്രസിലുമാണു സംഭവം. രാജ്യറാണി എക്സ്പ്രസിൽ റിസർവേഷൻ കേ‍ാച്ചിൽ യാത്ര ചെയ്ത ചെങ്ങന്നൂർ സ്വദേശി സ്വാതിക്കു തൃശൂരിലെത്തിയപ്പേ‍ാഴാണു കയ്യിൽ എന്തേ‍ാ കടിച്ചതായി തേ‍ാന്നലുണ്ടായത്. ട്രെയിൻ വിട്ടതിനാൽ ഷെ‍ാർണൂരിൽ ഇറങ്ങി ഉടൻ റെയിൽവേ ആശുപത്രിയിൽ വിശദപരിശേ‍ാധന നടത്തി. രക്തപരിശേ‍‍ാധനയിലും തകരാർ കണ്ടെത്തിയില്ല.

ഈ ട്രെയിനിന്റെ കേ‍ാച്ചുകൾ ഉപയേ‍ാഗിച്ചു സർവീസ് നടത്തുന്ന നിലമ്പൂർ – ഷെ‍ാർണൂർ ട്രെയിൻ വല്ലപ്പുഴയിൽ എത്തിയപ്പോൾ, ഷൊർണൂർ വിഷ്‌ണു ആയുർവേദ കോളജിലെ ഹൗസ് സർജൻ പൂക്കോട്ടുംപാടം അഞ്ചാംമൈലിൽ തയ്യൽപാറക്കൽ ഡോ.ഗായത്രിക്കു കാലിൽ പാമ്പു കടിച്ചതായി സംശയം തേ‍ാന്നി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, പാമ്പു കടിച്ചതല്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി. രണ്ടു മണിക്കൂർ നിരീക്ഷണത്തിനുശേഷം അവർ ആശുപത്രി വിട്ടു.ട്രെയിൻ നിലമ്പൂരിൽ തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ എലിയെ കണ്ടെത്തി. പാമ്പു കടിച്ചെന്ന പ്രചാരണം ശരിയല്ലെന്നു പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

ട്രെയിനിന്റെ ഓട്ടം ആശങ്കയുടെ ട്രാക്കിൽ
ഓടുന്ന ട്രെയിനിൽ യാത്രക്കാരിയെ കടിച്ചതു പാമ്പോ, അതോ എലിയോ? നിലമ്പൂർ– ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ഇന്നലെ ആശങ്കയായിരുന്നു. ഇന്നലെ രാവിലെ 7നു നിലമ്പൂരിൽനിന്നു പുറപ്പെട്ട ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് ആദ്യ കോച്ചിലുണ്ടായിരുന്ന (ജിഎസ് കോച്ച്) വനിതാ ഡോക്ടർക്കു കാലിൽ എന്തോ കടിച്ചതായി സംശയമുയർന്നത്. ഷൊർണൂരിലെ കോളജിലേക്കു പോകുന്നതിനായി വാണിയമ്പലത്തുനിന്നാണു യുവതി ട്രെയിൻ കയറിയത്. ബെർത്തിൽ കിടക്കുകയായിരുന്ന ഇവരുടെ ഇടതുകാൽ മടമ്പിനടിയിൽ ചെറിയ മുറിവിൽ രക്തം കണ്ടതോടെ മറ്റു യാത്രക്കാരും പരിഭ്രാന്തരായി. എല്ലാവരും ചേർന്ന് കംപാർട്മെന്റിൽ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

  വല്ലപ്പുഴയിൽ ഇറങ്ങിയ ഡോക്ടറെ കൂടെ ഇറങ്ങിയ മറ്റൊരു യാത്രക്കാരി അവരുടെ സഹോദരനെ വിളിച്ചുവരുത്തി ആദ്യം അവിടെയുള്ള ആശുപത്രിയിലും പിന്നീട് 9.15നു പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിഷാംശം കണ്ടെത്താനായില്ല. കടിച്ചത് എലിയാകാമെന്നാണു പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ യുവതി  ആശുപത്രി വിടുകയും ചെയ്തു. ട്രെയിൻ ഷൊർണൂരിൽ എത്തിയ ഉടനെ റെയിൽവേ അധികൃതർ കംപാർട്മെന്റിൽ പരിശോധന നടത്തി. 

നിലമ്പൂരിലെത്തി വിദഗ്ധ പരിശോധന നടത്തുന്നതിനായി ഈ കംപാർട്മെന്റ് യാത്രക്കാരെ കയറ്റാതെ പൂർണമായി അടച്ചാണു തിരിച്ചു നിലമ്പൂരിലേക്കു യാത്ര തുടർന്നത്. നിലമ്പൂരിൽ ആർപിഎഫ്–വനം ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ ഈ കംപാർട്മെന്റിൽനിന്ന് എലിയെ കണ്ടെത്തി. ട്രെയിനുകളിൽ പാമ്പുകളും എലികളും മറ്റും കയറിക്കൂടാതിരിക്കാൻ ഭക്ഷണ അവശിഷ്‌ടങ്ങളും മറ്റും കംപാർട്മെന്റിൽ തള്ളാതിരിക്കാൻ ശ്രദ്ധിക്കണമെന്നു ട്രെയിൻ ടൈം കൂട്ടായ്‌മ കോ–ഓർഡിനേറ്റർ സലീം ചുങ്കത്ത് യാത്രക്കാരോട് അഭ്യർഥിച്ചു. 

‘എലി’ക്സ്പ്രസ്
പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റൂട്ടിൽ രാജ്യറാണി ട്രെയിൻ ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും എലിശല്യം രൂക്ഷമാണ്. എസി കംപാർട്മെന്റിലും ഇവയുണ്ട്. ട്രെയിനിൽ 2 യാത്രക്കാരെ എലി കടിച്ച സംഭവം 7 മാസം മുൻപും ഉണ്ടായി. കഴിഞ്ഞ വർഷം ഒക്‌ടോബർ ഒന്നിനായിരുന്നു സംഭവം. നിലമ്പൂരിൽനിന്ന് രാത്രി ഒൻപതരയോടെ പുറപ്പെട്ട രാജ്യറാണി എക്‌സ്പ്രസ് ട‌്രെയിനിന്റെ എസി കംപാർട്മെന്റിലാണ് ഒരു യാത്രക്കാരനെയും വനിതാ ഡോക്‌ടറെയും എലി കടിച്ചത്. രണ്ടു പേരുടെയും കൈകളിലായിരുന്നു കടിയേറ്റത്. ബെർത്തിൽ കിടന്നുറങ്ങുന്നതിനിടെയാണ് യാത്രക്കാരന്റെ ചൂണ്ടുവിരലിൽ എലി കടിച്ചത്. വനിതാ ഡോക്‌ടറുടെ കൈവെള്ളയിലായിരുന്നു കടി. എലിയെന്നു തോന്നിക്കുന്ന ജീവി ഓടിപ്പോകുന്നത് കണ്ടതിനാലാണ് അന്ന് എലിയെന്ന് ഉറപ്പിച്ചത്. ഇരുവരും ചികിത്സ തേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com