ആദിവാസികൾക്കു ഭീഷണിയായി ചാലിയാർ തീരത്തു കാട്ടാനക്കൂട്ടം

Mail This Article
എടക്കര ∙ ചാലിയാർ പുഴയുടെ തീരങ്ങളിൽ തമ്പടിച്ച ആനക്കൂട്ടം ആദിവാസികൾക്കു ഭീഷണിയാകുന്നു. മുണ്ടേരി തണ്ടൻകല്ല് കോളനിയിലെ രാജേഷ് (33), ചാലിയാറിന്റെ മുണ്ടേരി മാളകം കടവിൽവച്ചു കാട്ടാനയുടെ ആക്രമണത്തിനിരയായി ഗുരുതര പരുക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ശനിയാഴ്ച രാത്രി പത്തോടെ ഉണ്ടായ ആക്രമണത്തിൽ രാജേഷിന്റെ വാരിയെല്ലും തോളെല്ലും പൊട്ടിയിട്ടുണ്ട്. വിവരം അറിഞ്ഞെത്തിയ മുണ്ടേരി വിത്തുക്കൃഷിത്തോട്ടത്തിലെ തൊഴിലാളികളും പോത്തുകല്ല് പൊലീസും ചേർന്നാണു രാജേഷിനെ രക്ഷപ്പെടുത്തിയത്.
മുണ്ടേരി ആദിവാസി ഊരുകളിലെ പല കുടുംബങ്ങളും വേനൽ കടുത്തതോടെ ചാലിയാർ തീരങ്ങളിലേക്കു താമസം മാറ്റിയിരുന്നു. വേനലിൽ വെള്ളം തേടി പുഴയോരങ്ങളിലെത്തിയ ആനക്കൂട്ടം, മഴ തുടങ്ങിയിട്ടും ഇവിടം വിട്ടുപോയിട്ടില്ല.പ്രളയത്തിൽ വീടുകൾ തകർന്നതിനെ തുടർന്നു തണ്ടൻകല്ല് കോളനിയിലെ മുപ്പതോളം കുടുംബങ്ങൾ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിനുള്ളിലെ ക്വാർട്ടേഴ്സുകളിലാണു താമസം. സ്ഥലസൗകര്യം കുറവായതിനാൽ സ്ത്രീകളും കുട്ടികളും മാത്രമാണ് ഇവിടെ കഴിയുന്നത്. പുരുഷന്മാർ സമീപത്തു ചാലിയാറിന്റെ തീരങ്ങളിലാണു കഴിച്ചുകൂട്ടുന്നത്. ഈ പരിസരത്ത് ഒട്ടേറെത്തവണ ആദിവാസികൾ ആനക്കൂട്ടത്തിനു മുന്നിൽ പെട്ടിട്ടുണ്ട്. ക്വാർട്ടേഴ്സ് പരിസരത്തും ആനക്കൂട്ടം എത്താറുണ്ട്. രണ്ടുതവണ ക്വാർട്ടേഴ്സ് തകർത്തിട്ടുമുണ്ട്.