വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ 1.76 കോടി രൂപയുടെ സ്വർണം

Mail This Article
കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് ഹാളിലും ഡസ്റ്റ് ബിന്നിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻതോതിൽ സ്വർണം കണ്ടെത്തി. കസ്റ്റംസ് ഹാളിലെ ഡസ്റ്റ് ബിന്നിൽനിന്ന് 1.76 കോടി രൂപയുടെ 2.45 കിലോഗ്രാം സ്വർണവും കസ്റ്റംസ് ഹാളിന്റെ മറ്റൊരു ഭാഗത്തുനിന്ന് 18 ഗ്രാം സ്വർണവും സ്വർണ മിശ്രിതപ്പൊതിയും ഉള്‍പ്പെടെ 9.71 ലക്ഷം രൂപയുടെ സ്വർണവും കസ്റ്റംസ് കണ്ടെടുത്തു. സ്വർണം കൊണ്ടുവന്നവർ പരിശോധന ഭയന്ന് ഉപേക്ഷിച്ചതാകാം എന്നാണു കരുതുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി വിവിധ യാത്രക്കാരിൽനിന്നു പിടികൂടിയ സ്വർണം ഉൾപ്പെടെ 4.12 കോടി രൂപയുടെ 5.73 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്. ഇതിനു പുറമേ, 3 യാത്രക്കാരിൽനിന്നായി 5.2 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും പിടികൂടി.
ബഹ്റൈനിൽനിന്നെത്തിയ വടകര സ്വദേശിയിൽ നിന്ന് 53.41 ലക്ഷം രൂപയുടെ സ്വർണം, ഷാർജയിൽനിന്നെത്തിയ നാദാപുരം സ്വദേശിയിൽനിന്ന് 53.28 ലക്ഷം രൂപയുടെ സ്വർണം, ദുബായിൽനിന്നെത്തിയ മലയമ്മ സ്വദേശിയിൽ നിന്ന് 28.73 ലക്ഷം രൂപയുടെ സ്വർണം എന്നിവ കണ്ടെടുത്തു. മൂവരും ശരീരത്തിൽ ഒളിപ്പിച്ചാണു സ്വർണം കടത്തിയത്. മസ്കത്തിൽനിന്നെത്തിയ പുല്ലങ്കോട് സ്വദേശി കാൽപാദത്തിനടിയിൽ ഒട്ടിച്ചുവച്ച് കടത്താൻ ശ്രമിച്ച 46.29 ലക്ഷം രൂപയുടെ സ്വർണവും പിടികൂടി. കുവൈത്തിൽനിന്നെത്തിയ താമരശേരി സ്വദേശിയിൽനിന്ന് 1.54 ലക്ഷം രൂപയുടെ സ്വർണ ചെയിൻ, ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശി ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച 14.31 ലക്ഷം രൂപയുടെ സ്വർണം തുടങ്ങിയവയും കസ്റ്റംസ് പിടികൂടി.