മണ്ഡലതന്ത്രങ്ങളിൽ ഇക്കുറിയും പിഴച്ച് എൽഡിഎഫ്; പൊന്നാനിയിൽ പരീ‘ക്ഷീണം’

Mail This Article
മലപ്പുറം∙ പിഡിപിയെ കൂട്ടുപിടിച്ചുനോക്കി, മുൻ കോൺഗ്രസുകാരായ വി.അബ്ദുറഹിമാനെയും പി.വി.അൻവറിനെയും സ്ഥാനാർഥിയാക്കിനോക്കി, പൊന്നാനി ലോക്സഭാ മണ്ഡലം അനങ്ങിയില്ല. മുൻപ് മുസ്‌ലിം ലീഗ് നേതാവായിരുന്നയാളെ സ്വന്തം ചിഹ്നത്തിൽ മത്സരിപ്പിച്ചായിരുന്നു സിപിഎമ്മിന്റെ ഇത്തവണത്തെ പരീക്ഷണം. ഫലം വന്നപ്പോൾ അതും പാളി. മുസ്‌ലിം ലീഗിന്റെ എം.പി.അബ്ദുസ്സമദ് സമദാനി നേടിയത് റെക്കോർഡ് ഭൂരിപക്ഷം (2.35 ലക്ഷം). തമാശയ്ക്കു പറഞ്ഞാൽ, ഉറക്കമിളച്ചിരുന്ന് അടിച്ചതെല്ലാം 150 രൂപയുടെ നോട്ടായിപ്പോയ അവസ്ഥയാണ് ഓരോ തിരഞ്ഞെടുപ്പു ഫലവും പൊന്നാനിയിൽ ഇടതുപക്ഷത്തിനു സമ്മാനിക്കുന്നത്.
സമസ്ത– മുസ്‌ലിം ലീഗ് ബന്ധത്തിലെ ഉലച്ചിൽ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയോടെയാണ് മുസ്‌ലിം ലീഗ് മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കൂടിയായിരുന്ന കെ.എസ്.ഹംസയെ ഇടതുപക്ഷം പൊന്നാനിയിൽ പരീക്ഷിച്ചത്. 2009, 2014, 2019 തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രരായാണ് സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിൽ ഇത്തവണ അടവൊന്നു മാറ്റി. സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നത്തിൽ ഹംസയെ പരീക്ഷിക്കാനായിരുന്നു തീരുമാനം. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകൾ സമാഹരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ. ഫലം വന്നപ്പോൾ സമസ്തയിലെ ലീഗ് വിരുദ്ധ വോട്ടുകൾ ചോർന്നതിനു തെളിവില്ല.
അതേസമയം, ഇടതുപക്ഷ വോട്ടുകൾ കുറഞ്ഞതിന് ഉദാഹരണമുണ്ട്. 2019ൽ എൽഡിഎഫിനു ലഭിച്ചതിനെക്കാൾ 1,795 വോട്ടിന്റെ കുറവാണ് പൊന്നാനി മണ്ഡലത്തിൽ ഉണ്ടായത്. ബിജെപി വരെ 14,195 വോട്ടിന്റെ വർധന ഉറപ്പാക്കിയപ്പോൾ ഇടതുപക്ഷത്തിനുണ്ടായത് ഇടിവുമാത്രം. യുഡിഎഫ് ആകട്ടെ 40,692 വോട്ടുകൾ അധികം നേടി ചരിത്രത്തിലാദ്യമായി ഭൂരിപക്ഷം രണ്ടുലക്ഷം കടത്തുകയും ചെയ്തു.
ലീഡില്ലാ ഡീൽ
∙ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 7 നിയോജകമണ്ഡലങ്ങളിൽ ഒരിടത്തും ഇടതുപക്ഷത്തിനു ലീഡില്ല. എൽഡിഎഫിന് സിറ്റിങ് എംഎൽഎമാരുള്ള താനൂർ, തവനൂർ, പൊന്നാനി, തൃത്താല നിയോജക മണ്ഡലങ്ങളിൽപോലും വലിയ ഭൂരിപക്ഷം നേടാൻ യുഡിഎഫിനു കഴിഞ്ഞു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂർ, തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളിൽനിന്നായി എൽഡിഎഫിനു കിട്ടിയ ഭൂരിപക്ഷം 23,608 വോട്ടാണ്. അതേ സ്ഥാനത്ത് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലങ്ങൾ ചേർന്ന് യുഡിഎഫിനു സമ്മാനിച്ചതാകട്ടെ 84,604 വോട്ടിന്റെ ലീഡും.
മന്ത്രി വി.അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരിൽ യുഡിഎഫ് 41,969 വോട്ടിന്റെ ഭൂരിപക്ഷം നേടി. എൽഡിഎഫിന് ആകെ കിട്ടിയ വോട്ടിനെക്കാൾ കൂടുതലാണ് ഇവിടെ യുഡിഎഫിനു കിട്ടിയ ഭൂരിപക്ഷം. മന്ത്രി എം.ബി.രാജേഷിന്റെ മണ്ഡലമായ തൃത്താലയിൽനിന്ന് യുഡിഎഫ് നേടിയത് 9,203 വോട്ടിന്റെ ലീഡും മുൻ മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലമായ തവനൂരിൽനിന്ന് ഭൂരിപക്ഷം 18,016 വോട്ടുമാണ്. ശക്തികേന്ദ്രങ്ങളായി എണ്ണുന്ന സ്ഥലങ്ങളിൽനിന്നു പോലും വേണ്ട ‘വോട്ടെണ്ണം’ ഒപ്പിക്കാൻ ഇടതുപക്ഷത്തിനായില്ല.
പാളിച്ചകൾ, അനുഭവങ്ങൾ
∙ 1971ൽ എം.കെ.കൃഷ്ണനാണ് പൊന്നാനിയിൽനിന്ന് അവസാനമായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചത്. 5 പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും ചിഹ്നത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചിട്ടും നേട്ടമുണ്ടാക്കാനായില്ലെന്നതു പാർട്ടിക്കുള്ളിൽ ചർച്ചാവിഷയമാണിപ്പോൾ. തൃശൂർ തൊഴൂപ്പാടം സ്വദേശിയായ കെ.എസ്.ഹംസ, മണ്ഡലത്തിൽ പരിചിതനല്ലാത്തതു വോട്ടെണ്ണം കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നു. കൂടാതെ, മുസ്‌ലിം ലീഗിൽ നിന്ന് അടുത്തകാലത്തു മറുകണ്ടം ചാടിയ ഹംസയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചതും പരമ്പരാഗത പാർട്ടി വോട്ടർമാരിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. പാർട്ടിക്കു പുറത്തുനിന്നുള്ള സ്ഥാനാർഥികളെ നിർത്തിയുള്ള പരീക്ഷണമായിരുന്നു ഇതിനു മുൻപുള്ള 3 തിരഞ്ഞെടുപ്പിലും പൊന്നാനിയിൽ സിപിഎമ്മിന്റേത്.
2009ൽ പിഡിപി പിന്തുണയോടെ ഡോ. ഹുസൈൻ രണ്ടത്താണി, 2014ൽ നിലവിലെ മന്ത്രി വി.അബ്ദുറഹിമാൻ, 2019ൽ നിലവിലെ നിലമ്പൂർ എംഎൽഎ പി.വി.അൻവർ എന്നിവരായിരുന്നു ഇതിനു മുൻപത്തെ പരീക്ഷണങ്ങൾ. ഇതിൽ കുറച്ചെങ്കിലും ഫലം കണ്ടത് വി.അബ്ദുറഹിമാനെ നിർത്തിയുള്ള പരീക്ഷണമാണ്. ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 25,410 വോട്ടിലേക്കു കുറയ്ക്കാൻ അബ്ദുറഹിമാനായി. ഹുസൈൻ രണ്ടത്താണിക്ക് 82,684 വോട്ടിനും പി.വി.അൻവറിന് 1.93 ലക്ഷം വോട്ടിനും ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീറിനോടു തോൽവി വഴങ്ങേണ്ടിവന്നിരുന്നു. ‘സ്വതന്ത്ര’ പരീക്ഷണങ്ങളെല്ലാം നിലംതൊടാതെ പോയ ചരിത്രമുള്ളപ്പോൾ വീണ്ടും അതുതന്നെ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കാനുള്ള ഇത്തവണത്തെ ശ്രമത്തിനും ജനപിന്തുണയുണ്ടായില്ല.
ടെസ്റ്റ് നമ്പർ 4
∙ 1977നു ശേഷം ലീഗ് പ്രതിനിധികളല്ലാതെ മറ്റാരും പൊന്നാനിയിൽനിന്നു ലോക്സഭയിലേക്കു പോയിട്ടില്ല. ഈ ലീഗ് കുത്തക തകർക്കാൻ സിപിഎം മുൻപ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു. 1977ൽ അഖിലേന്ത്യാ ലീഗ് സ്ഥാനാർഥി മൊയ്തീൻ കുട്ടി ഹാജിയും 1980ൽ ആര്യാടൻ മുഹമ്മദുമെല്ലാം ആ ശ്രമങ്ങളുടെ ഭാഗമായിരുന്നു. പിന്നീട് 2009 വരെ സിപിഐയാണ് മണ്ഡലത്തിൽ മത്സരിച്ചത്. 2009ൽ സിപിഎം സീറ്റ് ഏറ്റടുത്തു. എണ്ണിയാൽ സിപിഎമ്മിന്റെ തുടർച്ചയായ നാലാം ‘ടെസ്റ്റ്’ ആണ് പൊന്നാനിയിൽ ഇപ്രാവശ്യത്തേത്. പക്ഷേ, ഇന്നിങ്സിനും പത്തു വിക്കറ്റിനും തോറ്റ സ്ഥിതിയായെന്നു മാത്രം. 2004ൽ മഞ്ചേരിയിൽ ടി.കെ.ഹംസയുടെ അട്ടിമറി ജയം പൊന്നാനിയിൽ കെ.എസ്.ഹംസയിലൂടെ ആവർത്തിക്കാമെന്ന പ്രതീക്ഷയും ഇതോടെ പൊലിഞ്ഞു. പലർ വന്നെറിഞ്ഞിട്ടും പൊന്നാനി മാവിലെ ‘പച്ചമാങ്ങ’ ഇതുവരെ വീണിട്ടില്ല. അടുത്ത ഏറുകാരനാരായിരിക്കും എന്നത് കൗതുകമുണർത്തുന്ന ഭാവി കാര്യം.
മന്ത്രി മണ്ഡലങ്ങളിലും എൽഡിഎഫ് പിന്നിൽ
മന്ത്രി വി.അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരിൽ യുഡിഎഫ് നേടിയത് 83,556 വോട്ടാണ്. എൽഡിഎഫിനു ലഭിച്ചതാകട്ടെ 41,587 വോട്ടും. യുഡിഎഫ് ഭൂരിപക്ഷം 41,969 വോട്ട്. എൽഡിഎഫിന് ആകെ കിട്ടിയ വോട്ടിനെക്കാൾ കൂടുതലാണ് ഇവിടെ യുഡിഎഫിനു കിട്ടിയ ഭൂരിപക്ഷം. മന്ത്രി എം.ബി.രാജേഷിന്റെ മണ്ഡലമായ തൃത്താലയിൽ 59,820 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിനു ലഭിച്ചത് 50,617 വോട്ട്. യുഡിഎഫിന് 9,203 വോട്ടിന്റെ ഭൂരിപക്ഷം.