വോട്ട് തന്നു, സ്നേഹവും..

Mail This Article
മലപ്പുറം ∙ തിരഞ്ഞെടുപ്പിനിടെ തനിക്കു നേരെ വ്യക്തിപരമായുണ്ടായ ആക്രമണങ്ങൾ വേദനിപ്പിച്ചുവെന്ന് പൊന്നാനി മണ്ഡലത്തിലെ നിയുക്ത പാർലമെന്റംഗം എം.പി.അബ്ദുസ്സമദ് സമദാനി. എന്നാൽ സ്വന്തം നാട്ടുകാരിൽ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെപ്പോലും ഞെട്ടിച്ച ഭൂരിപക്ഷത്തോടെയാണ് വിജയമാണുണ്ടായത്. ജനം ഹൃദയത്തോടു ചേർത്തുനിർത്തിയതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ വിജയത്തിനു ശേഷം സമദാനി മനോരമയോട് സംസാരിക്കുന്നു.

റെക്കോർഡ് ഭൂരിപക്ഷമാണ് പൊന്നാനിയിൽ. എന്തു തോന്നുന്നു?
∙ എന്റെ നാട്ടുകാർ മഹത്തായൊരു വിജയം നൽകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഭൂരിപക്ഷം സംബന്ധിച്ച കണക്കുകൂട്ടലുകളൊന്നും ഇപ്പോൾ കിട്ടിയ 2.35 ലക്ഷം എന്ന അക്കത്തിലേക്ക് എത്തിയിരുന്നില്ല. വോട്ട് ചെയ്തവർ പോലും അദ്ഭുതപ്പെട്ടു പോയിട്ടുണ്ടാകും. വോട്ടിനൊപ്പം ജനം അവരുടെ സ്നേഹം കൂടി നൽകിയതിന്റെ തെളിവാണിത്.
മുൻ ലീഗ് നേതാവ് എൽഡിഎഫ് സ്ഥാനാർഥി, സമസ്തയിലെ ഒരു വിഭാഗം ഇടഞ്ഞുനിന്നത്... വെല്ലുവിളികളേറെയുണ്ടായിട്ടും അതിജീവിച്ചതെങ്ങനെ?
∙ പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ട വിഷയങ്ങളല്ല പലപ്പോഴും നേരിടേണ്ടിവന്നത്. ബാലിശമായ പല വിഷയങ്ങളും കടന്നുവന്നു. എന്നാൽ ജനങ്ങളുടെ രാഷ്ട്രീയ വിവേകത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. മണ്ഡലത്തിലെ പൾസ് അനുകൂലമാണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു.
ഏതെങ്കിലും ഘട്ടത്തിൽ ആശങ്കയുണ്ടായിരുന്നോ?
∙ ഓരോ ദിവസവും അതുവരെ കാണാത്തതരം പ്രശ്നങ്ങളൊക്കെയാണ് കടന്നുവന്നത്. എന്നാൽ അതൊന്നും ആശങ്കപ്പെടുത്തിയിരുന്നില്ല. എന്തുകൊണ്ടാണിത്ര ‘ഹാപ്പി’ എന്നാണ് പ്രചാരണഘട്ടത്തിൽ ആളുകൾ ചോദിച്ചത്. സ്വന്തം നാട്ടിൽ നേരിടുന്ന ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പാണല്ലോ. ആദ്യമായൊരു തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എടരിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ്. എംഎൽഎ ആയത് കോട്ടയ്ക്കൽ മണ്ഡലത്തിൽനിന്നാണ്. ഇതെല്ലാം എന്റെ നാടുൾപ്പെടുന്ന പൊന്നാനി മണ്ഡലത്തിലാണ്. അപ്പോഴൊക്കെ എന്നെ കൈപിടിച്ച നാട് ഇത്തവണയും കൂടെയുണ്ടാകുമെന്ന് വിശ്വാസമുണ്ടായിരുന്നു.
ചാനൽ ചർച്ചയിലുണ്ടായ വ്യക്തിപരമായ അധിക്ഷേപം, തൊപ്പി വിവാദം തുടങ്ങി പല കാര്യങ്ങളും നേരിടേണ്ടി വന്നിരുന്നല്ലോ?
∙ അപ്പോൾ വിഷമം തോന്നിയിരുന്നു. ഒരിക്കലും ധാർമികത വിട്ട് പൊതുജീവിതത്തിലോ വ്യക്തിജീവിതത്തിലോ പ്രവർത്തിച്ചിട്ടില്ലെന്ന് സമൂഹത്തിനും ബോധ്യമുണ്ട്. തിരഞ്ഞെടുപ്പിനുവേണ്ടി എന്തും ചെയ്യുകയെന്ന നയം ഒരിക്കലും സ്വീകരിക്കാത്തയാളാണ്. അതിനാൽ ആരോപണങ്ങളുണ്ടായപ്പോൾ എല്ലാം ദൈവത്തിലർപ്പിച്ചു. വ്യക്തിപരമായിത്തന്നെ ആളുകൾ ചേർത്തുനിർത്തി.
പൊന്നാനിയിലെ പ്രചാരണത്തിന് പാർട്ടിക്ക് പ്രത്യേക പദ്ധതികളുണ്ടായിരുന്നോ?
∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡന്റായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ടു തന്നെ യുഡിഎഫും പാർട്ടി പ്രത്യേകിച്ചും കൃത്യമായ പദ്ധതികളോടെയാണ് നേരിട്ടത്. ദ്വിതല പ്രചാരണ സംവിധാനമുണ്ടാക്കിയിരുന്നു. പ്രവർത്തകരും പ്രാദേശിക നേതാക്കളും നടത്തുന്ന പ്രവർത്തനങ്ങളെ കൃത്യമായി അവലോകനം ചെയ്യാനും തിരുത്താനും ദേശീയ നേതാക്കളടക്കമുള്ള പ്രത്യേക സംവിധാനം പ്രവർത്തിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി അദ്ദേഹമാണ് മത്സരിക്കുന്നതെന്ന പോലെയാണ് പ്രചാരണത്തിൽ ഇടപെട്ടത്.
മന്ത്രിമണ്ഡലമായ താനൂരിൽ പോലും വമ്പൻ ഭൂരിപക്ഷമുണ്ടല്ലോ?
∙ വരാൻ പോകുന്ന രാഷ്ട്രീയ ദിശാസൂചിക ആണിത്. ഓരോ തിരഞ്ഞെടുപ്പിനോടും പ്രത്യേക സമീപനം വോട്ടർമാർ എടുക്കാറുണ്ട്. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പൊതുവിലയിരുത്തൽ കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയം.
മണ്ഡലത്തിനായി എന്താണ് പദ്ധതി?
∙ പ്രചാരണ സമയത്ത് പ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയതും യാത്രകളിൽ സ്വയം നിരീക്ഷിച്ചതുമായ ഒട്ടേറെ വിഷയങ്ങളുണ്ട്. നിവേദനങ്ങളും ലഭിച്ചിട്ടുണ്ട്. പ്രവർത്തകരും നേതാക്കളുമൊക്കെയായി ആലോചിച്ച് അവ ക്രോഡീകരിച്ച് ഓരോന്നായി പരിഹാരം കാണും.