സർവം യുഡിഎഫ്: ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫിനു ഭൂരിപക്ഷം

Mail This Article
മലപ്പുറം ∙ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയാണ് ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർഥികളുടെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം. 3 ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 16 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് പിടിച്ചു. ഇതിൽ രണ്ട് എൽഡിഎഫ് മന്ത്രിമാരുടെ മണ്ഡലങ്ങളും ഇടതുപക്ഷ എംഎൽഎമാരുള്ള മൂന്നു മണ്ഡലങ്ങളും ഉൾപ്പെടുന്നു.വയനാട് ലോക്സഭാ മണ്ഡലത്തിൽപെട്ട വണ്ടൂർ നിയോജക മണ്ഡലം രാഹുൽ ഗാന്ധിക്കു നൽകിയ ഭൂരിപക്ഷമാണ് കൂട്ടത്തിൽ റെക്കോർഡ്; 68,684 വോട്ട്.
വയനാട് മണ്ഡലത്തിലെ ഏറനാട്, എൽഡിഎഫ് എംഎൽഎയുള്ള നിലമ്പൂർ മണ്ഡലങ്ങളും അര ലക്ഷത്തിലേറെ ലീഡ് രാഹുലിനു സമ്മാനിച്ചു.യുഡിഎഫിന് ഏറ്റവും കുറഞ്ഞ ലീഡ് സമ്മാനിച്ചതു മന്ത്രി എം.ബി.രാജേഷിന്റെ മണ്ഡലമായ തൃത്താലയാണ്, 9203 വോട്ട്. അതേസമയം, മന്ത്രി വി.അബ്ദുറഹിമാന്റെ താനൂർ യുഡിഎഫിന് 41,969 വോട്ടിന്റെ ലീഡ് യുഡിഎഫിനു നൽകി. ഇടത് സിറ്റിങ് എംഎൽഎമാരുള്ള പൊന്നാനിയും തവനൂരും പതിനയ്യായിരത്തിലേറെ വോട്ടുകൾ യുഡിഎഫിനു നൽകി.
പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം സമ്മാനിച്ചത് തിരൂരങ്ങാടിയും (54,147 വോട്ട്), മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ വേങ്ങരയും (56,397 വോട്ട്) ആണ്.ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങൾ യുഡിഎഫിന് അരലക്ഷത്തിലേറെ വോട്ട് ലീഡ് നൽകി. വണ്ടൂർ, നിലമ്പൂർ, ഏറനാട്, തിരൂരങ്ങാടി, തിരൂർ, വേങ്ങര, മലപ്പുറം എന്നിവയാണ് ഈ മണ്ഡലങ്ങൾ.