വണ്ടി തടഞ്ഞു പ്രവചിച്ചത് അച്ചട്ടായി; ഉണ്ണിക്കൃഷ്ണനെ നേരിൽകണ്ട് സമദാനി
Mail This Article
മലപ്പുറം ∙ പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പെരുമ്പടപ്പിൽ അബ്ദുസ്സമദ് സമദാനിയുടെ വാഹനം തടഞ്ഞുനിർത്തി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ‘‘നിങ്ങൾ 2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിക്കും.’’ അന്നു വൈറലായ ആ വാക്കുകൾ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കൃത്യമായി ഫലിച്ചു. ഇന്നലെ പാലക്കാട് കൂറ്റനാടു വച്ച് ഉണ്ണിക്കൃഷ്ണനെ വീണ്ടും കണ്ട സമദാനി അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.
പാലക്കാട് തിരുമിറ്റക്കോട് സ്വദേശിയാണ് ഉണ്ണിക്കൃഷ്ണൻ. സമദാനിയെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തിനു വോട്ട് ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും അന്നു വാഹനം തടഞ്ഞുനിർത്തി പറഞ്ഞിരുന്നു. യുഡിഎഫ് പ്രവർത്തകർ അതിന്റെ വിഡിയോ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഫലം വന്ന ശേഷം ഉണ്ണിക്കൃഷ്ണൻ 3 തവണ സമദാനിയെ ഫോണിൽ വിളിച്ചു. തുടർന്ന് ഇന്നലെ നേരിട്ടു കാണാൻ അവസരമൊരുങ്ങി.