സ്വർണക്കടത്ത് തർക്കം: നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘം അറസ്റ്റിൽ

Mail This Article
വൈത്തിരി ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയുധങ്ങളുമായി നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തെ വൈത്തിരി പൊലീസ് പിടികൂടി. പൊഴുതന സ്വദേശികളായ റാഷിദ് (31), മുഹമ്മദ് ഷമീർ (34), ഇബ്രാഹിം (38), നിഷാം (32), മുബഷിർ (31), സൈജു (41) എന്നിവരെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ നിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘർഷത്തിനു കാരണം. ഇതു ചോദിക്കാൻ മലപ്പുറത്തു നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും പൊഴുതനയിൽ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ പരുക്കേറ്റ അരീക്കോട് മൂർക്കനാട് എൻ.ടി. ഹാരിസിന്റെ (29) പരാതി പ്രകാരമാണ് അറസ്റ്റ്.
റാഷിദിന്റെ പരാതിയിൽ മലപ്പുറത്ത് നിന്നെത്തിയ ശിഹാബിനെയും സംഘത്തെയും പിടികൂടാനുള്ള നടപടികൾ പൊലീസ് തുടങ്ങി. വെള്ളിയാഴ്ച രാവിലെ പൊഴുതന പെരുങ്കോടയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. റാഷിദ് സഞ്ചരിച്ച കാറിനെ 8 അംഗ സംഘം 2 കാറുകളിലായി പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ റാഷിദിന്റെ കൂട്ടാളികൾ മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. ഒടുവിൽ, 2 കാറുകളിലെത്തിയ സംഘം പിൻവലിഞ്ഞ് ഓടിപ്പോവുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. ഇരു കൂട്ടർക്കുമെതിരെ വധശ്രമത്തിന് 2 കേസ് റജിസ്റ്റർ ചെയ്തു.