വണ്ടൂരും മമ്പാട്ടും സർക്കാരിന്റെ വ്യവസായ എസ്റ്റേറ്റ് പദ്ധതി

Mail This Article
വണ്ടൂർ ∙ വ്യവസായ വകുപ്പ് ആറിടത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി തുടങ്ങുന്നു. ഇതിനായി ഡവലപ്പർ പെർമിറ്റ് അനുവദിക്കുന്നതിനു വ്യവസായ വാണിജ്യ ഡയറക്ടർക്കു പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് അനുമതി നൽകി. കോട്ടയത്തു 3, മലപ്പുറത്ത് 2, ഇടുക്കിയിൽ 1 എന്നിങ്ങനെയാണ് അനുമതി നൽകിയിട്ടുള്ളത്. ജില്ലയിൽ വണ്ടൂരും മമ്പാടുമാണു വ്യവസായ എസ്റ്റേറ്റ് വരുന്നത്. നേരത്തെ സംസ്ഥാന സിലക്‌ഷൻ കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനമെടുത്തു സർക്കാർ അനുമതിക്കു സമർപ്പിക്കുകയായിരുന്നു.
സംസ്ഥാനത്താദ്യമായി ദേവസ്വത്തിന്റെ സ്ഥലത്തു വ്യവസായ എസ്റ്റേറ്റ് വരുന്നതു വണ്ടൂരിലാണ്. സംസ്ഥാനപാതയിൽ നിന്നു 200 മീറ്റർ മാത്രം അകലെ, മേലേമഠത്തു കരിക്കാട് ദേവസ്വത്തിന്റെ 10 ഏക്കർ സ്ഥലത്താണിത്. പുളിക്കൽ -മേലേമഠം റോഡ് അരികിൽ സ്ഥലം നേരത്തെ അളന്നു തിട്ടപ്പെടുത്തിയിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും കരിക്കാട് ദേവസ്വത്തിനു തന്നെയാകും. യോജ്യമായ ഗതാഗത സൗകര്യത്തിനു പുറമേ വൈദ്യുതി, വെള്ളം എന്നിവയെല്ലാം വേഗം ലഭ്യമാകുന്ന സ്ഥലമാണിത്.അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഏക്കറിനു 30 ലക്ഷം രൂപവരെ വ്യവസായ വകുപ്പ് അനുവദിക്കുമെന്നാണു സൂചന. ഉത്തരവ് ലഭിച്ചതിനെ തുടർന്നു യോഗം ചേർന്ന് അനുബന്ധ കാര്യങ്ങൾ വേഗത്തിലാക്കുമെന്നു കരിക്കാട് ദേവസ്വം പ്രസിഡന്റ് എൻ.എം.ശങ്കരൻ നമ്പൂതിരിപ്പാട് പറഞ്ഞു.
ഇവിടെ വ്യവസായ സ്ഥാപനങ്ങൾ വരുന്നതോടെ വണ്ടൂരിന്റെ വികസനത്തിനു കുതിപ്പേറും. ഒട്ടേറെ സംരംഭകർക്കു പ്രയോജനപ്പെടും. തൊഴിലവസരങ്ങളും വർധിക്കും. അടുത്തിടെ അസി.ജില്ലാ വ്യവസായ ഓഫിസറായി വിരമിച്ച പി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളാണു വ്യവസായ എസ്റ്റേറ്റിനു അനുമതിയായതിൽ രണ്ടെണ്ണവും ജില്ലയിലെത്തിച്ചത്.