ADVERTISEMENT

തേഞ്ഞിപ്പലം ∙ കോഹിനൂരിൽ എൻഎച്ച് നിർമാണം തുടങ്ങാത്ത സ്ഥലത്തു മൺകൂനയൊരുക്കി കാൽനടക്കാരുടെ വഴിതടഞ്ഞ് ദേശീയപാത അതോറിറ്റിയുടെ ‘കടുംകൈ’.  മണ്ണും കല്ലും കുമിഞ്ഞ് കിടക്കുന്നതു ചാടിക്കടന്ന് മറുഭാഗത്ത് എത്തേണ്ട ദുരിതത്തിലാണു ദിവസങ്ങളായി ഇവിടെ ജനം. 

കോഴിക്കോട് ഭാഗത്തേക്കുള്ള സ്റ്റോപ്പി‍ൽ ബസിറങ്ങി കോഹിനൂർ അങ്ങാടി ഭാഗത്തേക്കു നടക്കുന്നവരും കോഹിനൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകാൻ ബസ് സ്റ്റോപ്പിലേക്കു നീങ്ങുന്നവരുമാണ് പ്രധാനമായും ക്ലേശത്തിലായത്. ചേളാരി ഭാഗത്തുനിന്നു കോഹിനൂരിലേക്കുള്ള വാഹനങ്ങൾ യൂണിവേഴ്സിറ്റി മേൽപാലം വഴി 2 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ലക്ഷ്യത്തിൽ എത്തുന്നത്. 

കോഹിനൂർ ജംക്‌ഷൻ വഴി കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പാണമ്പ്ര വഴി 2 കിലോമീറ്റർ അധികം ചുറ്റണം.
കൺമുന്നിലുള്ള ബസ് സ്റ്റോപ്പിലേക്കും തിരിച്ചും കിലോമീറ്ററുകൾ നടക്കാനാകാതെ മൺകൂനകൾ കയറിയിറങ്ങുകയാണ് പാവം ജനം. കോഹിനൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്നവർ അടക്കം ആയിരങ്ങൾ ദുരിതത്തിലായത് അധികാരികൾ ഇനിയും കണ്ടില്ലെന്ന് നടിക്കുന്നു.

അടിപ്പാതയ്ക്ക് വേണ്ടിയുള്ള കേസ് 20ന് പരിഗണിക്കുമ്പോൾ ഹൈക്കോടതി എന്ത് നിലപാടെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ജനം. എയർപോർട്ട് റോഡ് ജം‌ക്‌ഷൻ എന്നത് അധികാരികൾ കണക്കിലെടുത്തില്ല. എൻഎച്ചിൽ കോഹിനൂരിനും കൊളപ്പുറത്തിനും ഇടയിൽ തടസ്സം ഉണ്ടായാൽ ബദൽ റോഡായി കോഹിനൂർ – പറമ്പിൽപീടിക റോഡ് വിനിയോഗിക്കാമെന്ന് 2 വർഷത്തെ മൂന്നിയൂർ കോഴിക്കളിയാട്ട ഉത്സവ ദിവസങ്ങളി‍‌ൽ പൊലീസ് തെളിയിച്ചതും എൻഎച്ച് അതോറിറ്റി അറിഞ്ഞ മട്ടില്ല.

കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ വരെ കാര്യഗൗരവം ബോധ്യപ്പെടുത്തിയിട്ടും പൊതുജനങ്ങളുടെ സഞ്ചാര വഴിയിലെ കുരുക്കുകൾ അനുദിനം മുറുകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com