ചെലവ് ഒന്നരക്കോടി; ഐസലേഷൻ വാർഡ് ഉപകാരമില്ലാതെ നശിക്കുന്നു
Mail This Article
കരുവാരകുണ്ട് ∙ സിഎച്ച്സിയിൽ ഒന്നരക്കോടിയോളം രൂപ മുടക്കി നിർമിച്ച ഐസലേഷൻ വാർഡ് ഉപകാരമില്ലാതെ നശിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ചതാണു കെട്ടിടം. പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ രോഗികളെ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണു കെട്ടിടം നിർമിച്ചത്. വണ്ടൂർ നിയോജക മണ്ഡലത്തിൽ അനുവദിച്ച ഏക ഐസലേഷൻ വാർഡാണിത്. ഒരു വർഷം മുൻപ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തിരുന്നു.
കെട്ടിടത്തിൽ എല്ലാ സൗകര്യവും ഒരുക്കിയെങ്കിലും വൈദ്യുതി ലഭിച്ചിട്ടില്ല. ഫർണിച്ചർ, ഇലക്ട്രിക് സാമഗ്രികൾ, ബാറ്ററി, ഓക്സിജൻ സിലിണ്ടർ എന്നിവയെല്ലാം ഉപയോഗിക്കാതെ നശിക്കുകയാണ്. അസൗകര്യങ്ങളുള്ള ആശുപത്രിയിൽ ഈ കെട്ടിടം രോഗികൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല. കിടത്തിച്ചികിത്സയ്ക്ക് ഇതുവരെ ആശുപത്രിയിൽ സൗകര്യമില്ല. രോഗികളെ നിരീക്ഷണത്തിൽ കിടത്താൻ പോലും സ്ഥലമില്ലാതിരിക്കുമ്പോഴാണ് എല്ലാ സൗകര്യവുമുള്ള കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നത്.