ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണക്കവർച്ച: പ്രതികൾ പിടിയിൽ

Mail This Article
താനൂർ∙ ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവർന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി. മലപ്പുറം വട്ടക്കിണർ കുന്നത്ത് മുഹമ്മദ് റിഷാദ് (ബാപ്പുട്ടി– 32), പച്ചാട്ടിരി തറയിൽ മുഹമ്മദ് ഷാഫി(34), പച്ചാട്ടിരി മരക്കാരകത്ത് ഹാസിഫ് (35), താനൂർ ആൽബസാർ കുപ്പന്റെപുരയ്ക്കൽ റമീസ് (32), പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് പുതുമനത്തൊടി വിവേക് (25), മീനടത്തൂർ മന്നത്ത് നൗഫൽ(27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം രണ്ടിന് ആണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടെ സ്വർണവ്യാപാര സ്ഥാപനത്തിന്റെ ഉടമ പ്രവീൺ സിങ് രാജ്പുത് സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്ര സിങ് റാവുവിന്റെ കൈവശം കച്ചവടത്തിനായി ജ്വല്ലറികളിലേക്കു കൊടുത്തയച്ച രണ്ടു കിലോഗ്രാം സ്വർണാഭരണങ്ങളും 43.5 ഗ്രാം ഉരുക്കിയ സ്വർണക്കട്ടിയുമാണു പ്രതികൾ കവർന്നത്.
പുതിയ ജ്വല്ലറി തുടങ്ങാൻ സ്വർണം ആവശ്യമുണ്ടെന്നറിയിച്ചു മഹേന്ദ്ര സിങ് റാവുവിനെ തെയ്യാല ബസ്‌സ്റ്റോപ് പരിസരത്തേക്കു വിളിച്ചുവരുത്തി പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സ്വർണം തട്ടിയെടുത്ത ശേഷം ഒഴൂർ ഭാഗത്ത് ഇറക്കിവിട്ടു. പാലക്കാട്ടുനിന്നാണു പ്രതികളെ പിടികൂടിയത്.
പ്രതികൾ ഉപയോഗിച്ചിരുന്ന കാറും 900 ഗ്രാം സ്വർണവും പിടിച്ചെടുത്തു.താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ സിഐ ജെ.മാത്യു, സബ് ഇൻസ്‌പെക്ടർമാരായ കെ.അജിത്, പ്രമോദ്, സുഗീഷ്, സിപിഒമാരായ കെ.സലേഷ്, സെബാസ്റ്റ്യൻ, ശ്രീഹരീഷ്, ശ്രീജിത്ത്, ലിബിൻ, അനീഷ്, രാജേഷ് എന്നിവർ അടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.