ADVERTISEMENT

തിരൂർ ∙ ചായയ്ക്കു കടുപ്പം കൂട്ടാൻ ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്ന കൃത്രിമ നിറങ്ങൾ. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇതുണ്ടാക്കുന്നയാളും വിൽപനക്കാരനും കസ്റ്റഡിയിൽ. ഇവരിൽനിന്ന് 140 കിലോഗ്രാം നിറം ചേർത്ത ചായപ്പൊടിയും പിടികൂടി. ഓറഞ്ച് റെഡ്, സൺസെറ്റ് യെലോ എന്നിങ്ങനെ പേരുകളിലുള്ള സിന്തറ്റിക് നിറങ്ങളാണ് ചായപ്പൊടിയിൽ ചേർത്തിരിക്കുന്നത്. കടുംനിറം ചേർക്കുന്നതോടെ കടുപ്പം കൂടിയ ചായയാണെന്നു തോന്നും. വൃക്ക, കരൾ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ നിറങ്ങളെന്ന് അധികൃതർ പറഞ്ഞു. കാൻസർ വരെയുള്ള രോഗങ്ങൾക്കും ഇതു കാരണമാകാം. ചായയിൽനിന്ന് ചെറിയ തോതിൽ ലഹരിയും ലഭിക്കുമെന്നു പറയുന്നു. 

തട്ടുകടകൾ കേന്ദ്രീകരിച്ചാണ് ഇവ വിറ്റഴിക്കുന്നത്. ഒരാഴ്ച മുൻപ് തിരൂരിലെ ചില തട്ടുകടകളിൽ നടന്ന പരിശോധനയിൽ നിറം ചേർത്ത ചായപ്പൊടി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണമാണ് നിർമാണകേന്ദ്രം വരെ എത്തിയത്. തട്ടുകടക്കാരനിൽനിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസർമാർ ഇതു വിൽപന നടത്തുന്നയാളുടെ നമ്പർ ശേഖരിച്ചു. തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന വേങ്ങര സ്വദേശിയായ വിൽപനക്കാരനെ വിളിച്ച് ചായപ്പൊടി എത്തിക്കാൻ ആവശ്യപ്പെട്ടു. വാഹനം നിറയെ, നിറംചേർത്ത ചായപ്പൊടിയുമായാണ് ഇയാൾ തിരൂർ വൈലത്തൂരിൽ എത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.

പരിശോധനയിൽ കണ്ടെത്തിയ, നിറംചേർത്ത ചായപ്പൊടി 

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
പരിശോധനയിൽ കണ്ടെത്തിയ, നിറംചേർത്ത ചായപ്പൊടി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

ഇയാളിൽനിന്ന് ചായപ്പൊടി നിർമിക്കുന്നയാളുടെ നമ്പർ ശേഖരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പിന്തുടർന്നാണ്  വെങ്ങാടുള്ള നിർമാണ കേന്ദ്രത്തിൽ എത്തിയത്. ഇവിടെനിന്ന് നിർമിക്കുന്നയാളെ പിടികൂടി. 100 കിലോഗ്രാം ചായപ്പൊടിയും സിന്തറ്റിക് നിറങ്ങളും  കസ്റ്റഡിയിലെടുത്തു. കേന്ദ്രം സീൽ ചെയ്തിട്ടുണ്ട്. ഒരു പഴയ വീടാണ് നിർമാണശാലയായി പ്രവർത്തിച്ചിരുന്നത്. എംഎസ്‍സി കെമിസ്ട്രി പൂർത്തിയാക്കിയ ആളാണ് നിർമാതാവ്. ചായപ്പൊടിയിൽ മായം ചേർക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ചായപ്പൊടി കോഴിക്കോട്ടെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് കൂടുതൽ പരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ സുജിത് പെരേര, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ എം.എൻ.ഷംസിയ, യു.ദീപ്തി, എ.പി.അശ്വതി, ഡോ. സുമിൻ ജോസ്, ഉദ്യോഗസ്ഥരായ പി.എൻ.പ്രവീൺ, എസ്.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. പരിശോധനാഫലം വന്ന ശേഷം അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകും. കുറ്റം തെളിഞ്ഞാൽ 2 വർഷമോ അതിലധികമോ തടവുശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

വില തുച്ഛം; കുടിച്ചാൽ ഫലം മാരകം
∙ നല്ല ചായപ്പൊടിക്ക് കിലോഗ്രാമിന് 300 – 350 രൂപ വരെ വില വരുമ്പോൾ നിറം ചേർത്ത ചായപ്പൊടി വിൽക്കുന്നത് 80 – 150 രൂപ വരെ വിലയിട്ടാണ്. കടകളിലൂടെ ഇതിന്റെ വിൽപനയില്ല. വിളിച്ചുപറഞ്ഞാൽ എത്തിച്ചുകൊടുക്കും. വില കുറച്ചു കിട്ടുന്നതിനാലും കടുപ്പമുണ്ടെന്നു തോന്നിപ്പിക്കുന്നതിനാലും ധാരാളംപേർ ഇവരിൽനിന്ന് ചായപ്പൊടി വാങ്ങാറുണ്ടെന്നാണു വിവരം. 

തേയിലക്കമ്പനികളിൽ നല്ല ചായപ്പൊടി ഉണ്ടാക്കിയ ശേഷം ബാക്കിയാകുന്ന ഓക‍്ഷൻ തേയില എന്നു വിളിക്കുന്ന ചണ്ടിയാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇതു തേയിലക്കമ്പനികളിൽനിന്നു ശേഖരിക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഇതിൽ 1 – 2 ശതമാനം സിന്തറ്റിക് നിറം ചേർക്കും. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഓറഞ്ച് റെഡ്, സൺസെറ്റ് യെലോ തുടങ്ങിയവയാണ് നിശ്ചിത അളവിൽ ചേർക്കുന്നത്. ഇതോടെ ചായയുടെ രുചിയും കടുപ്പം തോന്നിക്കുന്ന നിറവും ലഭിക്കും.

English Summary:

Shocking Discovery: Toxic Colors in Tirur Tea Pose Major Health Risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com