ADVERTISEMENT

തിരൂരങ്ങാടി ∙ സബ് ആർടി ഓഫിസിൽ ഉടമസ്ഥർ അറിയാതെ വാഹനങ്ങളുടെ ആർസി ബുക്കിൽ ഉടമസ്ഥാവകാശം മാറ്റിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജോയിന്റ് ആർടിഒ സി.പി.സകരിയ്യയുടെ പരാതിയിൽ പറഞ്ഞ 7 വണ്ടികളിൽ 5 സ്കൂട്ടറുകൾ നിലവിലെ ഉടമകളിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ ഉച്ചയ്ക്കു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ജോ.ആർടി ഓഫിസിലെത്തി വിവരങ്ങൾ ശേഖരിച്ചു.  ഓഫിസിൽ നേരിട്ടു വരാതെ മോട്ടർവാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിൽ ഓൺലൈനായാണ് ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ സമർപ്പിച്ചിരുന്നത്. സൈറ്റിന്റെ ലൂപ്ഹോൾ ഉപയോഗപ്പെടുത്തി വ്യാജരേഖ സമർപ്പിച്ചാണു കൃത്രിമം കാണിച്ചതെന്നാണ് സബ് ആർടി ഓഫിസിൽ നിന്നു പൊലീസിനു നൽകിയ വിശദീകരണം.

മരിച്ച ഉടമസ്ഥന്റെ പേരു മാറ്റുമ്പോൾ ആ ഫോൺ നമ്പറിലേക്ക് ഒടിപി നൽകില്ലെന്നും വാങ്ങുന്നയാളുടെ നമ്പറിലേക്കാണ് ഒടിപി നൽകുക എന്നും ഇത്തരത്തിലാകും തട്ടിപ്പു നടത്തിയിട്ടുണ്ടാകുക എന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. തങ്ങൾക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്നും പുറത്തു നിന്നുള്ളവരാണു ചെയ്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.അതേസമയം, മരിച്ച ഉടമസ്ഥന്റെ പേരിലുള്ള ആർസി മാറ്റാൻ അപേക്ഷ നൽകുമ്പോൾ മരണ സർട്ടിഫിക്കറ്റ്,

അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ രേഖകൾ ആവശ്യമായി വരാറുണ്ട്. എന്നാൽ, ഇവിടെ ഇതൊന്നുമില്ലാതെ ഉടമസ്ഥനെ മാറ്റിയതെങ്ങനെ എന്ന സംശയം നിലനിൽക്കുന്നതായി യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു. മോട്ടർവാഹന വകുപ്പ് അധികൃതരുടെ മൊഴി മാത്രം കണക്കിലെടുക്കുന്നില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ.റസാഖിന്റെ പരാതിയിൽ ഡിജിപി ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണത്തിനു നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com