മിനിപമ്പ തീർഥാടന ടൂറിസം പദ്ധതി: കോടികൾ ചെലവഴിച്ച പദ്ധതികൾ നശിക്കുന്നു

Mail This Article
കുറ്റിപ്പുറം ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള മിനിപമ്പയിൽ സ്ഥാപിച്ച സോളർ സംവിധാനമടക്കം പരിപാലനമില്ലാതെ നശിക്കുന്നു. ടൂറിസം വകുപ്പിൽനിന്നും എംഎൽഎ ഫണ്ടിൽ നിന്നുമുള്ള കോടികൾ ചെലവിട്ട് യാഥാർഥ്യമാക്കിയ മിനിപമ്പ തീർഥാടന ടൂറിസം പദ്ധതി പ്രദേശത്തോടാണ് അധികൃതരുടെ അവഗണന. നേരത്തേ നൂറുകണക്കിന് ശബരിമല തീർഥാടകരും വിനോദസഞ്ചാരികളും എത്തിയിരുന്ന മിനിപമ്പയിൽ സ്ഥാപിച്ച സോളർ ലൈറ്റുകളും രക്ഷാബോട്ടുകളും സന്ദർശകരുടെ ഇരിപ്പിടങ്ങളും തുരുമ്പെടുക്കുകയാണ്.
മലബാറിലെ പ്രധാന ശബരിമല ഇടത്താവളമെന്ന പദവയിലേക്ക് ഉയർന്നിരുന്ന മിനിപമ്പയോട് കഴിഞ്ഞ 4 വർഷമായി അധികൃതർക്ക് അവഗണനയാണെന്ന് നാട്ടുകാർ പറയുന്നു. പണ്ടു മുതൽ നാട്ടുകാർ കുളിച്ചിരുന്ന കടവുകൾ ഇപ്പോൾ ഉപയോഗ യോഗ്യമല്ലാതായിക്കഴിഞ്ഞു. പുഴയോരത്ത് മണ്ണിട്ട് നികത്തി നിർമിച്ച ഓപ്പൺ ഓഡിറ്റോറിയവും വ്യൂ പോയിന്റുമെല്ലാം അധികൃതർ മറന്ന മട്ടാണ്. നിലവിലെ ശുചിമുറി സംവിധാനവും കാര്യക്ഷമമല്ലെന്ന പരാതിയാണ് ഉയരുന്നത്.