സുഹറ, മജീദ്, കുഞ്ഞിപ്പാത്തുമ്മ.. പിന്നെല്ലാരും! ബഷീർ കഥാപാത്രങ്ങൾ ദൃശ്യാവിഷ്കാരമായി സ്കൂൾ അങ്കണത്തിൽ

Mail This Article
തിരൂർ ∙ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ കഥാപാത്രങ്ങളെ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ച് പറവണ്ണ സലഫി ഇംഗ്ലിഷ് സ്കൂളിലെ വിദ്യാർഥികൾ. ബഷീറിന്റെ ഓർമദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു അവതരണം. ബാല്യകാല്യസഖിയിലെ സുഹറയും മജീദും, പാത്തുമ്മയുടെ ആടിലെ അബ്ദുൽ ഖാദറും ഹനീഫയും, ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന് എന്ന കഥയിലെ കുഞ്ഞിപ്പാത്തുമ്മയും കുഞ്ഞിതാച്ചുമ്മയും ആനവാരി രാമൻനായരും എട്ടുകാലി മമ്മൂഞ്ഞുമെല്ലാം ദൃശ്യാവിഷ്കാരത്തിലുണ്ടായിരുന്നു.
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിലാണു പരിപാടി നടത്തിയത്. ഒരാഴ്ച നീളുന്ന ‘ബഷീർ കഥയും കാലവും’ സാഹിത്യപരിപാടിയുടെ ഭാഗമായി ബഷീർ സാഹിത്യ ക്വിസ്, ബഷീർ കഥകളുടെ ആസ്വാദനക്കുറിപ്പ് തയാറാക്കൽ എന്നിവയും നടക്കും. മുഹമ്മദ് റിഷാൻ, സന സാമർ, സുജന പ്രദീപ്‍, സി.ടി.നൂർജഹാൻ, ഫൗണിഷ ലത്തീഫ്, സി.എം.സി.അർഷാദ്, പി.റഹീജ, ഫാത്തിമ സൈദ എന്നിവർ നേതൃത്വം നൽകി.