ADVERTISEMENT

തിരൂർ ∙ ഒട്ടും വ്യക്തമല്ലാത്ത സംസാരമാണ് ഉമർ ബിസ്മിയുടേതെങ്കിലും അതിലുടനീളം നിറഞ്ഞുനിൽക്കുന്നൊരു പേര് ഏതു മലയാളിക്കും എളുപ്പത്തിൽ മനസ്സിലാവും. അത് ബഷീറെന്നാണ്. മറ്റാരുമല്ല, ആ ബഷീർ. കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ തന്നെ. അത്രയേറെ ആത്മബന്ധമുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു ഇരുവരും. ബഷീറിന്റെ അവസാനകാലത്ത് ഒരു പതിറ്റാണ്ടോളം സന്തതസഹചാരിയായി ഉമർ ബിസ്മി കൂടെയുണ്ടായിരുന്നു.ബഷീറിന്റെ സ്വന്തം ബിസ്മി ഇപ്പോൾ ദാ ഇവിടെയുണ്ട്, തവനൂർ വൃദ്ധസദനത്തിൽ. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശിയായ ബിസ്മി എന്നോ ബഷീറുമായി ചങ്ങാത്തത്തിലായി. ചിത്രം വരയ്ക്കാനും കേടായ റേഡിയോയും ക്ലോക്കും ശരിയാക്കാനുമറിയുന്ന ബിസ്മിയെ തേടി ബഷീറിന്റെ കത്തുകളെത്താറുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ ഉമർ ബിൻസിക്കയച്ച പോസ്റ്റ് കാർഡ്.
വൈക്കം മുഹമ്മദ് ബഷീർ ഉമർ ബിൻസിക്കയച്ച പോസ്റ്റ് കാർഡ്.

‘പ്രിയപ്പെട്ട ബിസ്മി, ഒന്ന് ഇവിടം വരെ വരാൻ അപേക്ഷ’ – കാർഡിലെഴുതിയ കത്തു കിട്ടിയാൽ പിന്നെ ബിസ്മി സുൽത്താന്റെ അടുത്തെത്തുമായിരുന്നു. അവിടെയിരുന്ന് കഥകൾ കേൾക്കും. ഇതിനിടെ കേടായ ഗ്രാമഫോണും വാച്ചുമെല്ലാം ശരിയാക്കുകയും ചെയ്യും. ഇത്തരത്തിൽ നൂറിലേറെ കത്തുകൾ ലഭിച്ചിട്ടുണ്ട്. ചെല്ലുമ്പോഴെല്ലാം സുലൈമാനിയും പലഹാരങ്ങളും നൽകും. തട്ടിക്കോളീം കോയാ,ന്ന് പറയുകയും ചെയ്യും. സുൽത്താൻ നേരിട്ടു പറഞ്ഞ ഒത്തിരി കഥകളുണ്ടെന്ന് ബിസ്മി പറയുന്നു. ‘ഏറെയും ഫലിതം തുളുമ്പുന്നതാണ്. ‘മൂപ്പർ ചിരിക്കൂല. ചോദിച്ചാൽ പറയും, പല്ല് ടീപോയ്ക്കു മേലെയാണെന്ന്’.

മത്തി കൊണ്ടുള്ള ഒരു വിഭവം ഉണ്ടാക്കിക്കൊണ്ടുവരാൻ അദ്ദേഹം ബിസ്മിയോട് ആവശ്യപ്പെട്ടിരുന്നു. ചട്ടിയിൽ വാഴയില വച്ച്, മസാല കുഴച്ച്, മത്തി അടുക്കി വച്ച്, അടിയിലും മേലെയും തീക്കനലിൽ വേവിച്ചുണ്ടാക്കുന്ന മത്തി ഒരു ദിവസം തുറക്കാതെ വയ്ക്കും. ഇത് അദ്ദേഹത്തിനു രഹസ്യമായി ബിസ്മി എത്തിച്ചു കൊടുക്കാറുണ്ട്. എന്നാൽ ഒരു ദിവസം ഇത് വീട്ടിലറിഞ്ഞു. വെറുതെയല്ല, റ്റാറ്റയ്ക്ക് ഇവിടത്തെ മീൻകൂട്ടാനൊന്നും പറ്റാത്തത് എന്നായിരുന്നത്രേ വീട്ടിൽ നിന്നുണ്ടായ കമന്റ്. പിറ്റേന്ന് വീട്ടിൽ ചെന്നപ്പോൾ ‘ബിസ്മീ, ഇന്നലെ ഇവിടെ ആയുധമില്ലാ യുദ്ധം നടന്നു. തന്റെ മത്തിയാണ് കാരണം. ഇനിയതു വേണ്ട’ എന്നു ബഷീർ പറഞ്ഞു.

അങ്ങനെ എത്ര സംസാരിച്ചാലും മതിയാവാത്തത്ര ബഷീർ വിശേഷങ്ങളാണ് ബിസ്മിയിൽനിന്നു വന്നുകൊണ്ടിരിക്കുന്നത്. മക്കളും കുടുംബവുണ്ടെങ്കിലും ജീവിതത്തിൽ എന്നോ ഒറ്റപ്പെട്ടു പോയിരുന്നു. ബഷീറിന്റെ മരണശേഷം പുറത്തൂരിലെത്തി. ഇവിടെ ഒരു ഒറ്റമുറിയിലായിരുന്നു താമസം. ഇടയ്ക്ക് വയ്യാതായപ്പോൾ തവനൂരിലെ വൃദ്ധസദനത്തിലെത്തി. 

നടൻ മാമുക്കോയ ഓത്തുപള്ളിയിൽ സഹപാഠിയായിരുന്നു. നടൻ മമ്മൂട്ടിയുടെ ചെന്നൈയിലെ വീടിന്റെ മുൻവാതിലിൽ ഖുർആൻ വാക്യങ്ങൾ കലിഗ്രഫിയിൽ എഴുതിയത് ബിസ്മിയാണ്. മോഹൻലാൽ കൊൽക്കത്തയിൽനിന്നു വാങ്ങിയ വലിയ ക്ലോക്ക് പ്രവർത്തിപ്പിച്ചു കൊടുത്തതും ബിസ്മി തന്നെ. അഞ്ചിലേറെ സിനിമകൾക്ക് ടൈറ്റിൽ വർക്കും ഇദ്ദേഹം ചെയ്തിട്ടുണ്ട്. തവനൂർ വൃദ്ധസദനത്തിലെ അലമാരകളുടെ വാതിലുകളിലും കാണാം ബിസ്മിയുടെ ചിത്രവിരുത്.

പ്രായം 80ന് അടുത്തെത്തിയതിന്റെ പ്രയാസങ്ങളുണ്ട്. സംസാരിക്കുമ്പോൾ പഴയതു പോലെ വ്യക്തതയില്ല. ഉപ്പയെന്നു വിളിച്ച് ഏതുനേരവും ഒപ്പമുള്ള വൃദ്ധസദനത്തിലെ ജീവനക്കാരൻ ഹംസുവും മറ്റ് അന്തേവാസികളുമെല്ലാമാണ് കൂട്ട്. ശരീരത്തിനു ക്ഷീണമുണ്ടെങ്കിലും ഇപ്പോഴും സ്വന്തം സുൽത്താനെക്കുറിച്ചുള്ള ഓർമകൾക്ക് ഒരു മങ്ങലുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com