പണിതീർന്നിട്ടും തുറക്കാതെ ബഷീർ മ്യൂസിയം; അലമാരയിൽ പൊടിപിടിച്ച് ബഷീർ നിഘണ്ടു

Mail This Article
മലപ്പുറം∙ കാലിക്കറ്റ് സർവകലാശാലയുടെ ‘ഘടാഘടിയൻ’ അനാസ്ഥയുടെ സ്മാരകമായി വൈക്കം മുഹമ്മദ് ബഷീർ മ്യൂസിയവും ബഷീർ നിഘണ്ടുവും. സർവകലാശാലയിലെ ബഷീർ ചെയറിൽ തുടങ്ങാനിരുന്ന മ്യൂസിയം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. 85% ജോലികൾ പൂർത്തിയായിട്ടും ബഷീർ നിഘണ്ടുവെന്ന സ്വപ്നം സർവകലാശാലയിലെ അലമാരകളിലെവിടെയോ പൊടിപിടിച്ചു കിടക്കുന്നു. മലയാള സാഹിത്യത്തിൽ അക്ഷരങ്ങൾ കൊണ്ട് സിംഹാസനം തീർത്ത സുൽത്താന്റെ പേരിൽ മ്യൂസിയമൊരുക്കാനായി നിർമിച്ച കെട്ടിടം കാടുമൂടിക്കിടക്കുന്നു.
2009ൽ ആണ് സർവകലാശാലയിൽ ബഷീർ ചെയർ തുടങ്ങിയത്. ഡോ. എം.എം.ബഷീർ വിസിറ്റിങ് പ്രഫസറായിരിക്കെയാണ് മ്യൂസിയം, നിഘണ്ടു പദ്ധതികൾ തുടങ്ങിയത്. അദ്ദേഹവും എം.ടി.വാസുദേവൻ നായരും ആർക്കിടെക്ട് ആർ.കെ.രമേശും ചേർന്ന് മ്യൂസിയത്തിനു പദ്ധതിരേഖ തയാറാക്കി. ബഷീറിനുള്ള ആദരമെന്ന നിലയിൽ എംടി പ്രത്യേക താൽപര്യത്തോടെയാണു പദ്ധതിയുമായി സഹകരിച്ചത്. ബഷീറിന്റെ കയ്യെഴുത്ത് പ്രതികൾ, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കൾ, ബഷീർ പുസ്തകങ്ങളുടെ ആദ്യപതിപ്പ് തുടങ്ങി ഒട്ടേറെ അമൂല്യ ശേഖരങ്ങൾ പ്രദർശിപ്പിക്കാനായിരുന്നു പദ്ധതി. ആദ്യഘട്ടമായി ബഷീറിന്റെ അപൂർവ ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഇതു മുന്നോട്ടുപോയില്ല.
ഡോ. എം.എം.ബഷീറും ഡോ. എൻ.ഗോപിനാഥൻ നായരും 4 വർഷം കഠിനാധ്വാനം ചെയ്താണ് ബഷീർ നിഘണ്ടു തയാറാക്കിയത്. 8 വാള്യങ്ങളിലായി 6000 പേജുള്ള നിഘണ്ടു സർവകലാശാലാ അധികൃതർക്കു കൈമാറി. ഡിസി ബുക്സ് ഇതു പ്രസിദ്ധീകരിക്കാൻ തയാറായിരുന്നു. എന്നാൽ, 8 വർഷമായി നിഘണ്ടുവിന്റെ കയ്യെഴുത്ത് പ്രതി പൊടിപിടിച്ചു കിടക്കുകയാണ്. ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിന്റെ പേരിൽ നിഘണ്ടു പദ്ധതി ഉപേക്ഷിച്ചതായി വാർത്തകളുണ്ടായിരുന്നെങ്കിലും സർവകലാശാല പ്രതികരിച്ചിട്ടില്ല.
മ്യൂസിയം തുടങ്ങാൻ തീരുമാനിച്ച് ഒരു വർഷത്തിനകം അതിനുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. ഇതിനകം മുടക്കിയ തുകയുടെ ചെറിയ ശതമാനം മാത്രമാണ് ഇനി പദ്ധതി പൂർത്തിയാക്കാൻ വേണ്ടത്. എന്നിട്ടും അനന്തമായി വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.