കൈക്കൂലി: സബ് റജിസ്ട്രാറും ഇടനിലക്കാരനും പിടിയിൽ

Mail This Article
കൊണ്ടോട്ടി∙ കൈക്കൂലിയായി വാങ്ങിയ 60,000 രൂപയുമായി കൊണ്ടോട്ടി സബ് റജിസ്ട്രാറെയും ആധാരം എഴുത്ത് ഓഫിസിലെ സഹായിയെയും വിജിലൻസ് പിടികൂടി. സബ് റജിസ്ട്രാർ കൊല്ലം ഈസ്റ്റ് കല്ലട ചൈത്രം വീട്ടിൽ എസ്.സനിൽ ജോസ് (50), ആധാരം എഴുത്ത് ഓഫിസിലെ സഹായി തേഞ്ഞിപ്പലം സ്വദേശി മുണ്ടുവളപ്പിൽ ടി.ബഷീർ (54) എന്നിവരെയാണ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ആധാരം എഴുത്തുകാരനായ കൊട്ടപ്പുറം സ്വദേശി സി.കെ.അബ്ദുൽ ലത്തീഫിനെതിരെയും കേസെടുത്തു. പുളിക്കൽ വലിയപറമ്പ് കെ.ഇ.ശിഹാബുദ്ദീൻ നൽകിയ പരാതിയെത്തുടർന്നാണു നടപടി.
കുടുംബസ്വത്തായ 75 സെന്റ് സ്ഥലം ഭാഗപത്രം ചെയ്യുന്നതിന് സ്റ്റാംപ് ചെലവിലേക്കായി 1,02,600 രൂപ ഫീസും എഴുത്തുകൂലിയും ഉൾപ്പെടെ 1.30 ലക്ഷത്തിലേറെ രൂപ വേണ്ടിവരുമെന്ന് ആധാരം എഴുത്തുകാരനും സബ് റജിസ്ട്രാറും അറിയിച്ചുവെന്ന് ശിഹാബുദ്ദീൻ പറഞ്ഞു. ഒടുവിൽ, 90,000 രൂപയ്ക്ക് ചെയ്തുനൽകാമെന്ന് അറിയിച്ചു. അതനുസരിച്ച് ആദ്യം 30,000 രൂപ നൽകി. എന്നാൽ, കുടുംബസ്വത്തായതിനാൽ ആകെ ചെലവ് 30,000 രൂപയ്ക്കുള്ളിൽ മതിയെന്നും 60,000 രൂപ കൈക്കൂലിയാണെന്നും മനസ്സിലാക്കിയ ശിഹാബുദ്ദീൻ വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിൽ കെണിയൊരുക്കി.
60,000 രൂപയുമായി എത്താൻ ബഷീർ ആവശ്യപ്പെട്ടപ്പോൾ, വിജിലൻസ് അടയാളപ്പെടുത്തി നൽകിയ പണമാണു കൈമാറിയത്. ഉച്ചയോടെ വിജിലൻസ് സംഘം സ്ഥലത്തെത്തി. പരിശോധനയിൽ സബ് റജിസ്ട്രാറിൽനിന്ന് 40,000 രൂപയും ഇടനിലക്കാരനായി പ്രവർത്തിച്ച ബഷീറിൽനിന്ന് 20,000 രൂപയും കണ്ടെടുത്തതായി വിജിലൻസ് അറിയിച്ചു. ഡിവൈഎസ്പിക്കു പുറമേ, ഇൻസ്പെക്ടർമാരായ ഐ.ഗിരീഷ് കുമാർ, പി.ജ്യോതീന്ദ്രകുമാർ, എസ്ഐമാരായ പി.ശ്രീനിവാസൻ, പി.എൻ.മോഹനകൃഷ്ണൻ, ടി.ടി.ഹനീഫ, വി.മധുസൂദനൻ, സജി, എഎസ്ഐ എം.രത്നകുമാരി, ഉദ്യോഗസ്ഥരായ കെ.പി.വിജയകുമാർ, വി.പി.ഷറഫുദ്ദീൻ, ധനേഷ്, പി.രാജീവ്, ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.