പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോ വികസനം പദ്ധതി ഒരുങ്ങുന്നു

Mail This Article
പെരിന്തൽമണ്ണ ∙ കെഎസ്ആർടിസി ഡിപ്പോ വികസനത്തിന് പദ്ധതി ഒരുങ്ങുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ബഹുമുഖ പദ്ധതികൾ നടപ്പാക്കാൻ തിരുവനന്തപുരത്ത് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നജീബ് കാന്തപുരം എംഎൽഎ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തത്. ലബോറട്ടറി, ഫാർമസി ഉൾപ്പെടെയുള്ള ക്ലിനിക്, ഡോർമിറ്ററി, ഹോട്ടൽ, ഫുഡ് കോർട്ട്, ഷോപ്പിങ് മാൾ എന്നിവ പദ്ധതിയുടെ ഭാഗമായി കൊണ്ടു വരും. ബസ് ടെർമിനൽ, വെയ്റ്റിങ് ഏരിയ, സ്റ്റാഫ് റൂം, ഓഫിസ്, വർക്‌ഷോപ് എന്നിവയുടെ നവീകരണവും ഇതോടൊപ്പം യാഥാർഥ്യമാക്കും.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 2.28 എക്കർ ഭൂമി പാട്ട വ്യവസ്ഥയിൽ നൽകിയാണ് പദ്ധതി നടപ്പാക്കുക. കെഎസ്ആർടിസി ഡിപ്പോ നവീകരണത്തോടൊപ്പം കൂടുതൽ വരുമാനവും ഉണ്ടാക്കിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ജനപ്രതിനിധികളുടെയും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
സർവീസുകൾ ഇല്ലാത്ത ഗ്രാമീണപ്രദേശങ്ങളിലേക്ക് സ്വകാര്യ ബസ് സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി റൂട്ട് ഫോർമുലേഷൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ നജീബ് കാന്തപുരം എംഎൽഎ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിൻ) ഷറാഫ് മുഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ജി.പി.പ്രദീപ് കുമാർ, ജനറൽ മാനേജർ ജോഷോ ബെന്നറ്റ് ജോൺ, ജനറൽ മാനേജർ(എസ്റ്റേറ്റ്) എസ്.എസ്.സരിൻ തുടങ്ങിയവർ പങ്കെടുത്തു.