തായ്‌ലൻഡിൽ വീസ തട്ടിപ്പിൽപെട്ടവരുടെ മോചനം: ആക്‌ഷൻ കൗൺസിൽ നിവേദനം നൽകി
Mail This Article
കൂട്ടിലങ്ങാടി ∙ അബുദാബിയിൽനിന്നു തായ്‌ലൻഡിലേക്കു ജോലി തേടി പോയവരുടെ മോചനത്തിനായി ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജോർജ് കുര്യൻ, വിവിധ എംപിമാർ എന്നിവരെ കണ്ടു നിവേദനം നൽകി.കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ സ്വദേശികളായ ശുഹൈബ് കുറ്റീരി, സഫീർ കൂരിമണ്ണിൽ പുളിക്കാമത്ത് എന്നിവരാണ് കുടുങ്ങിയത്. കൗൺസിലിനെ പ്രതിനിധീകരിച്ചു കെ.പി.ഹംസ, ജാഫർ വെള്ളേക്കാട്ട്, ടി.പി.ഹാരിസ് എന്നിവർ ചേർന്നാണു നിവേദനം നൽകിയത്.
കഴിഞ്ഞ മേയ് 21ന് ജോലിക്കായി തായ്‌ലൻഡിൽ എത്തിയ ഇവരെ വീസ തട്ടിപ്പുകാർ മ്യാൻമറിൽ എത്തിക്കുകയായിരുന്നു.ഇവരെ കൂടാതെ മലയാളികളായ മറ്റു രണ്ടുപേർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും 60 ഓളം പേർ ഈ സംഘത്തിന്റെ കെണിയിൽ പെട്ടിട്ടുണ്ട്. ഇവരുടെ മോചനത്തിനായി കുടുംബം മലപ്പുറം പൊലീസ് മേധാവിക്കും ഇന്ത്യൻ എംബസി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. മഞ്ഞളാംകുഴി അലി എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ഡൽഹിയിലുണ്ടായിരുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ പി.വി.അബ്ദുൽ വഹാബ്, അബ്ദുസമദ് സമദാനി, എം.കെ.രാഘവൻ. എ.റഹീം, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, സന്തോഷ് കുമാർ എം.പി, ഡീൻ കുര്യാക്കോസ്, ഹാരിസ് ബീരാൻ, ആന്റോ ആന്റണി, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്ത യോഗം ഇവരുടെ മോചനത്തിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്തു.കേന്ദ്ര വിദേശകാര്യ മന്ത്രിയെ നേരിട്ടു കണ്ട് വിഷയത്തിന്റെ ഗൗരവം അറിയിക്കാനും മോചന നടപടി സ്വീകരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾക്ക് എംപിമാർ ഉറപ്പുനൽകി.