ADVERTISEMENT

തിരൂരങ്ങാടി ∙ പകൽ ബൈക്കിൽ കറങ്ങി വീടുകൾ കണ്ടുവയ്ക്കും, രാത്രി മുഖംമറച്ചും ഷർട്ട് ധരിക്കാതെയും ആയുധങ്ങളുമായെത്തി മോഷണം നടത്തി പോകും. ഇന്നലെ പിടിയിലായ  മോഷ്ടാവ് ഷാജഹാൻ എന്ന മണവാളൻ ഷാജഹാന്റെ രീതി ഇതാണ്. കല്യാണമുൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്ന വീടാണ് ഇദ്ദേഹം പ്രധാനമായും മോഷണത്തിന് തിരഞ്ഞെടുക്കുന്നത്.  ഇതാണ് ഇദ്ദേഹത്തിന് മണവാളൻ എന്ന പേരു വീഴാൻ കാരണം.

2022 നവംബറിൽ കൽപകഞ്ചേരി ചെറുവന്നൂർ പാറമ്മലങ്ങാടിയിലെ വിവാഹ വീട്ടിൽ നിന്ന്   പവനും 8 ലക്ഷം രൂപയും കവർന്ന കേസിൽ പിടിയിലായിരുന്നു. ഒരു സ്ഥലത്ത് ഒന്നിലേറെ വീടുകളിൽ മോഷണം നടത്തും. പൂട്ട് പൊളിക്കാൻ ആദ്യം ഒന്നു രണ്ട് തവണ തട്ടിനോക്കും. ശബ്ദം കേട്ട് ഉണരുന്നുണ്ടോ എന്ന് നോക്കിയാണ് പിന്നീടുള്ള പരിപാടി. ഉണരുന്നുണ്ടെങ്കിലും മറ്റു വീട്ടിലും ഇതു പോലെ ആവർത്തിക്കും. പിന്നീട് ആദ്യത്തെ വീട്ടിൽ തിരിച്ചെത്തി മോഷണം നടത്തും. ഓരോ പ്രദേശത്തും താമസിച്ച് ആ പരിസരത്തെ കൂടുതൽ വീടുകളിൽ വിവിധ സമയങ്ങളിലായി മോഷണം നടത്തും. രാത്രി മുഴുവൻ മോഷണം നടത്തുന്ന ഇയാൾ പകൽ മുറിയിൽ കിടന്നുറങ്ങും. 

കൊടിഞ്ഞിയിൽ മോഷണം നടത്തിയ അന്നു പരിസരത്തെ വീട്ടിലും കയറിയിരുന്നു. അവിടെ മോഷ്ടിക്കാ‍ൻ കഴിഞ്ഞില്ല. ദിവസങ്ങൾക്ക് മുൻപ് തൊട്ടടുത്ത പ്രദേശമായ കുണ്ടൂരിലും മോഷണം നടത്തി. ജനൽ വഴി 2 പവൻ കവർന്നു. ചുള്ളിപ്പാറയിലെ വീട്ടിലും മോഷണ ശ്രമം നടത്തിയിരുന്നു. പിടിയിലായാലും എല്ലാ മോഷണവും ഇദ്ദേഹം സമ്മതിക്കാറില്ല. പൊലിസിന് തെളിവുകൾ ലഭിച്ചത് മാത്രമേ സമ്മതിക്കാറുള്ളൂ എന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തി ഏർവാടിയിലേക്ക് മുങ്ങിയ ഇയാളെ പൊലീസുകാർ സിദ്ധൻമാരായി വേഷം മാറിയെത്തിയാണ് പിടികൂടിയിരുന്നത്. 
ഷാജഹാൻ
ഷാജഹാൻ

മോഷ്ടാവ് ധരിച്ച ചെരിപ്പ് തന്റേതെന്ന് യുവാവ്
തെളിവെടുപ്പിനിടെ ചെരിപ്പ് മോഷ്ടിച്ചെന്ന പരാതിയുമായി യുവാവ് എത്തിയത് ചിരിപടർത്തി. കൊടിഞ്ഞി കുറൂൽ ഒ.പി.സെയ്തലവിയുടെ വീട്ടിൽ മോഷണം നടത്തിയതിന് ഷാജഹാനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മോഷ്ടാവ് ധരിച്ച ചെരിപ്പ് തന്റേതാണെന്ന വാദവുമായി യുവാവ് എത്തിയത്. സെയ്തലവിയുടെ വീടിന്റെ പരിസരത്തുള്ള വീട്ടുകാരനായ കുന്നത്തേരി ഇർഷാദിന്റെ വീട്ടിലും മോഷണത്തിന് ഷാജഹാൻ കയറിയിരുന്നു. എന്നാൽ അവിടെ മോഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തിരിച്ചിറങ്ങുമ്പോൾ പഴയ ചെരിപ്പ് അവിടെ വച്ച് ഇർഷാദിന്റെ പുതിയ ചെരിപ്പിട്ടാണ് മോഷ്ടാവ് പോയത്. ഇന്നലെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ധരിച്ചത് ഇതായിരുന്നു.

നൂറിലധികം മോഷണക്കേസുകളിൽ പ്രതി
കഴിഞ്ഞ മാസം 26ന് കൊടിഞ്ഞി കൂറൂൽ ഒ.പി.സെയ്തലവിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് താനൂർ ഒഴൂർ സ്വദേശി കുട്ടിയമാക്കനകത്ത് ഷാജഹാൻ എന്ന മണവാളൻ ഷാജഹാൻ (59) പിടിയിലായത്. നൂറിലധികം മോഷണക്കേസിൽ പ്രതിയാണ്. പുലർച്ചെ 3ന് വീട്ടിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്തുകടന്നായിരുന്നു മോഷണം. മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സെയ്തലവിയുടെ മകൾ ഫസീലയുടെ കാലിൽനിന്ന് രണ്ടര പവന്റെ പാദസരം കവർന്നു. ഇതിനിടെ ഉണർന്നു ബഹളം വച്ചപ്പോൾ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ നമ്പറുകളും പരിശോധിച്ചതിൽനിന്ന് പ്രതി ഷാജഹാനാണെന്നു വ്യക്തമായി.

കൊടിഞ്ഞിക്കു പുറമേ, കുണ്ടൂർ, ചുള്ളിപ്പാറ, ചെറുമുക്ക്, താനൂർ, കൽപകഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ മോഷണം നടത്തിയിരുന്നു. രാത്രി മുഖം മറച്ച്, ഷർട്ട് ധരിക്കാതെ കയ്യിൽ ആയുധവുമായാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ജനുവരിയിൽ ജയിലിൽ നിന്നിറങ്ങിയ ഇയാൾ മലപ്പുറം, മഞ്ചേരി, പട്ടാമ്പി എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ താമസിച്ച് മോഷണം നടത്തിവരികയായിരുന്നു. പൊലീസിന്റെ നിരന്തരമായ അന്വേഷണത്തിൽ മലപ്പുറത്തുനിന്നാണ് ഇയാൾ പിടിയിലായത്. 

ചെറുപ്പം തൊട്ട് മോഷണം തൊഴിലാക്കിയ ഇയാൾ കേരളത്തിലെ വിവിധ ജില്ലകളിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുമായി നൂറിലധികം കേസുകളിൽ പ്രതിയാണ്. പലതവണ പിടിയിലായിട്ടുണ്ട്.മോഷ്ടിച്ച സ്വർണാഭരണങ്ങൾ പട്ടാമ്പിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയതായി ഇയാൾ മൊഴി നൽകി.  പ്രതിയെ കൊടിഞ്ഞിയിലെ വീട്ടിലും ജ്വല്ലറിയിലും എത്തിച്ച് തെളിവെടുപ്പു നടത്തി. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയൂടെ നേതൃത്വത്തിൽ എസ്ഐമാരായ ഒ.വി.വിനോദ്, സാം ജോർജ്, കെ.പ്രമോദ്, വി.രാജു, എസ്‍സിപിഒ കെ.സലേഷ്, സിപിഒമാരായ കെ.ബി.അനീഷ്, എം.പ്രബീഷ്, എം.എം.ബിജോയ്, കെ.അഖിൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com