ADVERTISEMENT

എടപ്പാൾ ∙ നോക്കുകൂലി ആവശ്യപ്പെട്ടു സംഘടിച്ചെത്തിയ സിഐടിയു തൊഴിലാളികളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനായി കെട്ടിടത്തിനു മുകളിൽനിന്നു ചാടിയ നിർമാണത്തൊഴിലാളി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സംഭവം നടന്ന കെട്ടിടത്തിൽ നിന്ന് ഏകദേശം 6 മീറ്റർ അകലെയുള്ള കെട്ടിടത്തിലേക്കാണു കൊല്ലം പത്തനാപുരം പാതിരിക്കൽ ലക്ഷംവീട്ടിലെ ഫയാസ് ഷാജഹാൻ (21) ചാടിയത്. മൂന്നാം നിലയിലേക്കു വീണതിനാൽ പരുക്കുകളോടെ രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ താഴേക്കു വീണിരുന്നെങ്കിൽ വൻദുരന്തം സംഭവിക്കുമായിരുന്നു.

ഫയാസ് ഉൾപ്പെടെ 9 തൊഴിലാളികൾക്കു നേരെ മുപ്പതോളം ചുമട്ടുതൊഴിലാളികളാണു ഭീഷണിയുമായെത്തിയത്. കെട്ടിട നിർമാണം കരാർ എടുത്തയാൾ പറഞ്ഞതനുസരിച്ചാണു സാധനങ്ങൾ ഇറക്കിയതെന്നു തൊഴിലാളികൾ പറയുന്നു. ഇവർക്കു മറ്റു കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. സാധനം എത്തുന്ന സമയത്തു ചുമട്ടുതൊഴിലാളികളാരും പരിസരത്ത് ഇല്ലായിരുന്നുവെന്നും പറയുന്നു. കരാറെടുത്തവരുടെ നിർദേശപ്രകാരം ജോലിയെടുക്കുന്നവരാണു തൊഴിലാളികൾ എന്നറിഞ്ഞിട്ടും സംഘടിച്ചെത്തിയവർ ഇവരെ മർദിക്കുകയായിരുന്നു. 

മർദനത്തിൽനിന്നു രക്ഷപ്പെടാൻ മുകളിലേക്ക് ഓടിയ ഫയാസ്, പിന്നാലെ അക്രമിസംഘം വരുന്നുണ്ടെന്ന പരിഭ്രാന്തിയിൽ പെയിന്റിങ്ങിനായി കെട്ടിയ കമ്പിയിൽ പിടിച്ച് ഊഴ്ന്നിറങ്ങി അടുത്ത കെട്ടിടത്തിലേക്കു ചാടുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കു പതിച്ചെങ്കിലും ഇരുകാലുകൾക്കും ഗുരുതര പരുക്കേറ്റു. പരുക്കേറ്റ കാലുമായി അരമണിക്കൂറിലേറെ നേരം ഫയാസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കിടന്നു. ചർച്ചകൾക്കുശേഷം ബഹളം അവസാനിച്ചപ്പോഴാണു ഫയാസിന്റെ നിലവിളി കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കേട്ടത്. രോഗിയായ പിതാവ് ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ആശ്രയമാണ് ഫയാസ്. ഈ കെട്ടിടത്തിലെ ജോലികളുമായി ബന്ധപ്പെട്ടാണ് എടപ്പാളിൽ എത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിത്സയിലാണ്.

കണ്ടാലറിയാവുന്ന 10പേർക്കെതിരെ കേസ്
എടപ്പാൾ ∙ സിഐടിയു തൊഴിലാളികളുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്നു ചാടി യുവാവിനു പരുക്കേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന 10 സിഐടിയു തൊഴിലാളികൾക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളജിൽ എത്തിയ പൊലീസ്, ചികിത്സയിൽ കഴിയുന്ന ഫയാസ് ഷാജഹാനിൽ നിന്നു വിവരങ്ങൾ ശേഖരിച്ച ശേഷമാണു കേസ് റജിസ്റ്റർ ചെയ്തത്.  പട്ടികയും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ആക്രമിച്ചെന്നു മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണു ഫയാസ് മറ്റൊരു കെട്ടിടത്തിലേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com