മേലാറ്റൂർ–പുലാമന്തോൾ റോഡ‍്: തുടങ്ങിയിട്ട് 4 വർഷം; തീരാതെ നിർമാണം

Mail This Article
പെരിന്തൽമണ്ണ∙ നാലു വർഷം പിന്നിട്ടിട്ടും പണി തീരാത്ത പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിൽ കുഴിയടയ്‌ക്കാനെത്തിയ തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ വളയംമൂച്ചിയിലാണ് സംഭവം. പെരിന്തൽമണ്ണ മുതൽ വളയംമൂച്ചിക്കു സമീപം വരെ ടാറിങ് ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട്. ശേഷമുള്ള ഭാഗം പൂർണമായി തകർന്നുകിടക്കുകയാണ്. 144 കോടി രൂപ ചെലവിൽ 18 മാസം കൊണ്ട് തീർക്കേണ്ട മേലാറ്റൂർ–പുലാമന്തോൾ റോഡ‍് നിർമാണം ആരംഭിച്ചിട്ട് 4 വർഷമായി. 30 കിലോമീറ്റർ റോഡിൽ പലയിടങ്ങളിലും യാത്ര ദുസ്സഹമാണ്.
14 തവണ നജീബ് കാന്തപുരം എംഎൽഎ മുൻകയ്യെടുത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മന്ത്രി നേരിട്ടെത്തി അവലോകനം നടത്തി. താലൂക്ക്സഭയിൽ പലതവണ നിർമാണ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടി. പലതവണ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും നിർമാണത്തിനു വേഗം കൂടിയില്ല.
പെരിന്തൽമണ്ണയിലേക്ക് നൂറുകണക്കിന് രോഗികളാണ് ഈ റോഡുവഴി ആംബുലൻസിലും മറ്റുമായി എത്തുന്നത്. ഉപകരാറുകാരനെ മാറ്റാൻ നീക്കം നടത്തിയെങ്കിലും ഉപകരാറുകാരൻ കോടതിയിൽനിന്ന് അനുകൂല വിധി നേടി. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മഴയ്‌ക്കിടെ വളയംമൂച്ചി ഭാഗത്ത് നാമാത്രമായി കുഴിയടയ്‌ക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. കരാർ കമ്പനിയുടെ മേലധികാരികളുമായും നാട്ടുകാർ ഫോണിൽ സംസാരിച്ചു. എന്നാൽ ഉത്തരവാദപ്പെട്ടവരാരും സ്ഥലത്തെത്തിയില്ല.
പ്രതിഷേധത്തിനൊടുവിൽ പണി നിർത്തിവച്ചു. മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലായി ഇതിനകം പലതവണ പ്രതിഷേധം ഉയരുകയും നിർമാണ കമ്പനിയുടെ പ്രതിനിധികളെ വഴിയിൽ തടയുകയും ചെയ്‌തിട്ടുണ്ട്. എന്നിട്ടും പരിഹാരമില്ല.